ന്യൂഡൽഹി: പുതുവത്സര പുലരിയിൽ കാറിനടിയിൽ കുടുങ്ങിയ യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്ത്. പുതുവത്സര പുലരിയിൽ ഇരുപത്തിമൂന്നു വയസ്സുകാരിയായ അഞ്ജലി എന്ന പെൺകുട്ടി കാറിടിച്ചു മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ജലിയെ റോഡിലൂടെ 12 കിലോമീറ്റർ വലിച്ചിഴച്ചെന്നും അപകടശേഷം കാർ നിർത്തിയില്ലെന്നും വ്യക്തമായതായി ഡിസിപി അറിയിച്ചു. പുതുവത്സരരാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിലാണ് അമൻ വിഹാർ സ്വദേശിയായ അഞ്ജലി (20) കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. അഞ്ജലിയെ വലിച്ചിഴച്ച് 12 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്.
കാറിന്റെ ചില്ലുകൾ ഉയർത്തിയിരിക്കുകയായിരുന്നെന്നും ഉച്ചത്തിൽ പാട്ടു വച്ചിരുന്നതിനാൽ മൃതദേഹം ശ്രദ്ധിച്ചില്ലെന്നുമാണ് അറസ്റ്റിലായവരുടെ മൊഴി. മൃതദേഹം കണ്ടയുടൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവർ പറഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
അതേസമയം, പ്രതികളിലൊരാൾ ബിജെപി പ്രവർത്തകനാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളിൽ ഒരാളായ മനോജ് മിത്തൽ ബിജെപി അംഗമാണെന്നും ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയും ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇക്കാര്യം ബോധപൂർവം മറച്ചുവച്ചതായും എഎപി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത മംഗൾപുരി പൊലീസ് സ്റ്റേഷന്റെ ചിത്രങ്ങൾ പങ്കുവച്ച ഭരദ്വാജ്, പൊലീസ് സ്റ്റേഷനു തൊട്ടടുത്ത് മനോജ് മിത്തൽ ബിജെപി അംഗമാണെന്നു തെളിയിക്കുന്ന ഒരു ബോർഡുണ്ടെന്നത് വിരോധാഭാസമാണെന്ന് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾ ഏതു പാർട്ടിയിൽ പെട്ടവരായാലും അവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും എഎപി ആരോപണത്തോടു പ്രതികരിച്ച ഡൽഹി ബിജെപി മീഡിയ സെൽ മേധാവി ഹരീഷ് ഖുറാന പറഞ്ഞു.