വടകരയിലെ പലചരക്ക് വ്യാപാരി, ഇ എ ട്രേഡേഴ്സ് ഉടമ അടക്കാത്തെരു സ്വദേശി രാജൻ കടയ്ക്കുള്ളിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്.
വടകര പഴയ സ്റ്റാന്റിനു സമീപം മാര്‍ക്കറ്റ്റോഡ് ഇടവഴിയിലെ വ്യാപാരി പുതിയാപ്പ് വലിയപറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജന്‍ (62) ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് അർധരാത്രിയാണ് കൊല്ലപ്പെട്ടത്. കടയ്ക്കുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
രാത്രി ഏറെ വൈകിയിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കടയിലെ പണവും മോഷണം പോയിരുന്നു.
സംഭവദിവസം രാത്രി രാജനൊപ്പം നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി തൊട്ടടുത്ത കടക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് ചില സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. രാജന്‍ ബൈക്കില്‍ കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ, സി.സി.ടി.വി.യില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. അതിനിടെ മദ്യപാന ശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. സോഷ്യൽ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചക്ക് വേണ്ടിയാണ് പ്രതി കൊലനടത്തിയത്. പ്രതിയുടെ മൊബൈൽ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. സമൂഹമാധ്യമ ആപ്പുവഴിയാണ് മുഹമ്മദ് ഷഫീക്കിനെ വ്യാപാരി രാജൻ പരിചയപ്പെട്ടത്.
കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിൽ എത്തിയത്. മറ്റു ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് റൂറല്‍ എസ്.പി കറുപ്പസാമി പറഞ്ഞു. രാജന്റെ കൈവശത്തു നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളും, ബൈക്കും കണ്ടെത്തിയിട്ടില്ല.
സമാനമായ രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. ഇന്ന് (ചൊവ്വ) പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും. ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.