പയറിന് മുഞ്ഞബാധ, വെള്ളരിക്ക് കുമിള്‍ രോഗവും വ്യാപകമാകുന്നു, പേടിക്കേണ്ട പരിഹാരമുണ്ട്
മഴ മാറി നല്ല വെയിലും തണുപ്പുമുള്ള കാലാവസ്ഥയായതോടെ ഇനി പച്ചക്കറി കൃഷിയുടെ കാലമാണ്. ആർക്കും വളരെ എളുപ്പത്തിൽ സ്വന്തം തൊടിയിൽ തന്നെ കൃഷി തുടങ്ങാം. എന്നാല്‍ കീടങ്ങളുടെ ആക്രമണം ഈ സമയത്ത് രൂക്ഷമാണ്. പയര്‍, വെണ്ട, വെള്ളരി, പാവല്‍, പടവലം, പീച്ചിങ്ങ, മത്തന്‍, കുമ്പളം, വെളളരി തുടങ്ങിയയാണ് ഈ സമയത്ത് നല്ല വിളവ് നല്‍കുക. ഇവയില്‍ മുഞ്ഞ, കരിവള്ളിക്കേട്, കുമിള്‍ രോഗം എന്നിവ രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
പയറില്‍ കരിവള്ളിക്കേട്
പയറില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
മൃദുരോമപൂപ്പ്
വെളളരി വര്‍ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്കവിധത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കുമിള്‍നാശിനി പ്രയോഗം നടത്തുക.
വണ്ടുകള്‍ ശല്യക്കാര്‍
മത്തന്‍ വണ്ട്, എപ്പിലാക്‌ന വണ്ടുകള്‍ എന്നിവ ചെടികളുടെ ഇലകളും കായും നശിപ്പിക്കും. നല്ല പോലെ വളര്‍ന്നു വന്നു കായ്ച്ച മത്തനും വെള്ളരിയുമെല്ലാം രണ്ടു ദിവസം കൊണ്ടു നശിപ്പിക്കാന്‍ ഈ വണ്ടുകള്‍ ധാരാളം മതി.
- 1. വേപ്പിന്‍കുരു സത്ത് 5% വീര്യത്തില്‍ തളിക്കുക.
- 2. വെളുത്തുള്ളി – കാന്താരി സത്ത് തളിക്കുക.
- 3. ചാണകം- ഗോമൂത്രം ലായനി തളിച്ചു കൊടുക്കുക.