Social MediaTRENDING

മൂന്നു വര്‍ഷമായി വേട്ടയാടല്‍ തുടരുന്നു, മകളേയും വെറുതെവിട്ടില്ല; സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവീണ

കൊല്ലം: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെ വീണ്ടും സൈബര്‍ ആക്രമണം. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായി പ്രവീണ പറയുന്നു.

Signature-ad

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ആളെപ്പറ്റി ഓണ്‍ലൈന്‍ മാധ്യത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രവീണ തുറന്നടിച്ചത്. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ഒരു വര്‍ഷം മുന്‍പ് പ്രവീണ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് പോലീസ് തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജിനെ അറസ്റ്റു ചെയ്തു. ഇയാളുടെ പക്കല്‍നിന്ന് ഇത്തരത്തിലുള്ള മോര്‍ഫ് ചെയ്ത മറ്റ് ചിത്രങ്ങളും കണ്ടെടുക്കുകയുണ്ടായി. പിന്നീട് ഭാഗ്യരാജിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇതിനു മുന്‍പും പ്രവീണ ഭാഗ്യരാജിനെതിരേ തിരുവനന്തപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്നു എന്നതായിരുന്നു അന്ന് പ്രവീണ നല്‍കിയ പരാതി. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ഭാഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യത്തിലറങ്ങിയ ഇയാള്‍ വൈരാഗ്യബുദ്ധിയോടെ തന്റെ മകളുടെ ചിത്രങ്ങളും ഇത്തരത്തില്‍ മോര്‍ഫ് ചെയ്യുന്നെന്ന് പ്രവീണ പറഞ്ഞു. മകളും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

”ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ?” പ്രവീണ പറഞ്ഞു.

പ്രവീണയുടെ മകളുടെയും സഹോദരഭാര്യയുടേയും ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. നാലു തവണയോളമാണ് മകള്‍ പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രവീണ പറയുന്നു.

Back to top button
error: