‘നല്ല സമയ’ത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു.
‘‘എനിക്ക് ഇതുവരെ എക്സൈസിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാർത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവർക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂർവമുള്ള ടാർഗറ്റ് പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയിൽ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേൾക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോൾഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാർഗറ്റ് ചെയ്യുന്നത്’’, എന്ന് ഒമർ ലുലു പറയുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. ഇന്നലെയായിരുന്നു നല്ല സമയത്തിന്റെ റിലീസ്.
ഒമര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച മറ്റൊരു പോസ്റ്റും ശ്രദ്ധനേടുന്നുണ്ട്. ‘നല്ല സമയം യൂത്ത് എറ്റെടുത്തു സന്തോഷം. എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ’, എന്നായിരുന്നു ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെയാണ് കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിനിമയ്ക്ക് എതിരെ കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം.
ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്നേഷ് കെ നായര്‍, സോംഗ് കട്ട് ഹേമന്ദ് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്‍റ് ക്യാമറ അജ്മല്‍ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം.