ദില്ലി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാൻ ദേശീയ നേതൃത്വത്തിൻ്റെ നിർദേശം. പരസ്യ ചേരി തിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദേശം നൽകി. അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇപി വിഷയം വിശദമായ ചർച്ചയിലേക്ക് പോയില്ല.
കണ്ണൂരിലെ വൈദീകം റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജൻ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് വിശദീകരണം നൽകും. കേരളത്തിൽ വിഷയം പരിശോധിക്കാനുള്ള പി ബി നിർദ്ദേശത്തെ തുടർന്നാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ ശേഷം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ഇ പി ജയരാജനെതിരെ പി ജയരാജൻ ഇതുവരെ പരാതി എഴുതി നൽകിയിട്ടില്ല. എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കൾ. സംസ്ഥാനത്ത് തന്നെ ഈ വിഷയം പരിശോധിക്കാനുള്ള നിർദ്ദേശമാണ് ദില്ലിയിൽ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നൽകിയിരിക്കുന്നത്.
കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജനും വിശദീകരണം നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്ത് ആവശ്യമെങ്കിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറുമെന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു. അന്വേഷണ കമ്മീഷൻ ആവശ്യമാണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വത്തിൽ ഇന്നലെ മുതൽ കാണുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ ചർച്ചയായതിനാൽ അവഗണിച്ച് പോകാനാവില്ലെന്നാണ് പല കേന്ദ്ര നേതാക്കളുടെയും നിലപാട്.