കൊച്ചി: നിയമങ്ങള്‍ കാറ്റില്‍ പറത്തി ഡി.ജെ. പാര്‍ട്ടി നടത്തുകയും ചട്ടം ലംഘിച്ചു മദ്യം വിളമ്പുകയും ചെയ്ത രണ്ടു ഹോട്ടലുകള്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. ഒരു ഹോട്ടലില്‍നിന്നു 50 ലിറ്റര്‍ മദ്യവും കസ്റ്റഡിയിലെടുത്തു. കൊച്ചി നഗരത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം രണ്ടു ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തത്.
എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍നിന്നാണു 50 ലിറ്റര്‍ മദ്യം കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡി.ജെ. പാര്‍ട്ടിയും മദ്യസത്കാരവും ഒരുമിച്ചായിരുന്നു. എന്നാല്‍ ഇവിടെ മദ്യം വിളമ്പാനോ പ്രദര്‍ശിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റു ചെയ്തു. സ്ഥാപനത്തിനു പിഴയും ചുമത്തി. പുതുവത്സര ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പോലീസും എക്‌സൈസും നഗരത്തില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചില ഹോട്ടലുകള്‍ പുതുവത്സരദിനത്തിലെ മദ്യവില്പന ലക്ഷ്യമിട്ടു ഡി.ജെ. പാര്‍ട്ടിക്കൊപ്പം വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പിള്‍സിനും വനിതകള്‍ക്കും സൗജന്യ പ്രവേശനം, സൗജന്യ മദ്യം തുടങ്ങിയ ഓഫറുകളാണു പല ഹോട്ടലുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഹോട്ടലുകളെ എക്‌സൈസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. പുതുവത്സരത്തോട് അനുബന്ധിച്ചുള്ള ലഹരിയൊഴുക്കു തടയാന്‍ നഗരത്തില്‍ മഫ്തിയിലും പോലീസ് നിരീക്ഷണമുണ്ട്.