KeralaNEWS

ദർശന പുണ്യവുമായി ഇന്ന് മണ്ഡല പൂജ; തങ്കഅങ്കിയുടെ നിറവിൽ സന്നിധാനം

ശബരിമല: 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്നു മണ്ഡല പൂജ. ഇന്ന് ഉച്ചയ്ക്ക് 12.30 നും ഒന്നിനും മധ്യേയുള്ള മീനം രാശിയില്‍ കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മണ്ഡലപൂജ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ നടയ്ക്കു വച്ച തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പമ്പയിലെത്തി. ഘോഷയാത്രയെ പമ്പ ഗണപതി കോവിലിലേക്ക് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈകിട്ട് 3.30 വരെ ഭക്തര്‍ ഇവിടെ തങ്കഅങ്കി ദര്‍ശിച്ചു. തുടര്‍ന്ന് പമ്പയില്‍ നിന്ന് പുറപ്പെട്ട് 5.30 ന് ഘോഷയാത്ര ശരംകുത്തിയിലെത്തി.

Signature-ad

ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്.ശാന്തകുമാര്‍, എ.ഇ.ഓ രവികുമാര്‍, സോപാനം സ്‌പെഷല്‍ ഓഫീസര്‍ രാജീവ് എന്നിവര്‍ ഇവിടെ നിന്ന് സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. 6.15 ന് പതിനെട്ടാംപടി കയറിയെത്തിയ ഘോഷയാത്ര കൊടിമരച്ചുവട്ടില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍, തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, കെ.യു. ജനഷീക് കുമാര്‍ എം.എല്‍.എ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: കെ. അനന്തഗോപന്‍, അംഗം അഡ്വ: എസ്.എസ്.ജീവന്‍, എ.ഡി.ജി.പിയും ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായ എം.ആര്‍. അജിത്കുമാര്‍, ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. സോപനത്ത് തന്ത്രി കണ്ഠര് രാജീവര് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

Back to top button
error: