കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2023 ജനുവരി 5 മുതല്‍ 16 വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെ ഘോഷയാത്ര ജനുവരി 5ന് വൈകിട്ട് 4.30ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രദേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10ന് നട അടയ്ക്കും.
നടയ്ക്കല്‍ തിരുവാതിരകളിയും പൂത്തിരുവാതിര ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് തിരക്കൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വെബ് സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്.
ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്.ടി.സി. സ്പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നതാണ്. കൂടാതെ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുമുണ്ടാകും. തെക്കന്‍ ജില്ലകളില്‍ നിന്നുവരുന്ന ബസ് പോലുള്ള വലിയ വാഹനങ്ങള്‍ ആലുവ – അങ്കമാലി റോഡില്‍ ദേശം കവലയില്‍ നിന്നോ ആലുവ – പെരുമ്പാവൂര്‍ കെ.എസ്. ആര്.ടി.സി റോഡിലെ മഹിളാലയം പാലത്തിലൂടെയോ തിരിഞ്ഞ് ശ്രീമൂലനഗരം – വല്ലം റോഡില്‍ പ്രവേശിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരാം. വടക്കന്‍ ജില്ലകളില്‍ നിന്നുവരുന്ന വലിയ വാഹനങ്ങള്‍ അങ്കമാലി – പെരുമ്പാവൂര്‍ എം.സി. റോഡിലൂടെ കാലടിയില്‍ വന്ന് വലത്തോട്ടു തിരിഞ്ഞ് ക്ഷേത്രത്തിലെത്തിച്ചേരാം. തെക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപര്‍ണ്ണിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാര്‍കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപര്‍ണ്ണിക എന്നിവിടങ്ങളിലെ വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന് കൗണ്ടറില്‍ കാണിച്ച് ദര്ശനപാസ് വാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.