IndiaNEWSTRENDING

ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട; 300 കോടിയുടെ ലഹരിമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ, 10 പേർ അറസ്റ്റിൽ

ഗാന്ധിനഗര്‍: ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട; 300 കോടിയുടെ ലഹരിയും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ, 10 പേർ അറസ്റ്റിൽ. അൽ സൊഹേലി എന്നുപേരുള്ള മത്സ്യബന്ധന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിയിലായത്. 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടിൽനിന്ന് പിടിച്ചെടുത്തു. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതാണ് ബോട്ടെന്നാണ് സൂചന. ബോട്ട് ഓഖ തീരത്തേക്ക് എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് ബോട്ട് പിടികൂടിയത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 25 ന് അര്‍ധരാത്രി കോസ്റ്റ് ഗാര്‍ഡ്‌ പരിശോധന നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാകിസ്താനി ബോട്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാനൊരുങ്ങുന്നതായി കണ്ടത്.

Signature-ad

തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ടിനെ സമീപിക്കുകയും ചോദ്യം ചെയ്യാനൊരുങ്ങുകയും തുടങ്ങിയതോടെ അവര്‍ കടന്നുകളയാൻ ശ്രമിച്ചു. ഇതോടെ കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. ബോട്ടില്‍ കയറിയ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി. ഒപ്പം 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്നും കണ്ടെടുത്തു.

കഴിഞ്ഞ 18 മാസത്തിനിടെ ഗുജറാത്തിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും എടിഎസും ചേര്‍ന്നുള്ള ഏഴാമത്തെ സംയുക്ത നടപടിയാണിത്. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകളും, ആയുധങ്ങളും പിടിച്ചെടുത്തു. ഇക്കാലയളവില്‍ ആകെ 346 കിലോ ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന് ഏകദേശം 1930 കോടി രൂപ വിലവരും. ഇതുവരെ 44 പാകിസ്താനികളും ഇറാനില്‍ നിന്നുള്ള ഏഴ് പേരും പിടിയിലായി.

Back to top button
error: