KeralaNEWS

വടശ്ശേരിക്കരയിൽ ക്വാറിയുടേയും ക്രഷറിന്‍റെയും പ്രവർത്തനം നാട്ടുകാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി പരാതി; അനുമതിയില്ലാത്ത ക്വാറി ഖനനം നിര്‍ത്തണമെന്ന് നാട്ടുകാര്‍

പത്തനംതിട്ട: വടശ്ശേരിക്കരയിൽ ക്വാറിയുടേയും ക്രഷറിന്‍റെയും പ്രവർത്തനം നാട്ടുകാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി പരാതി. പാറ പൊട്ടിക്കുന്ന ആഘാതത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിന്‍റെ അനുമതി ഇല്ലാത്ത സ്ഥലത്തും പാറ പൊട്ടിക്കുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. കണ്ണന്താനം ഗ്രൂപ്പിന്‍റെ ക്വാറിയും ക്രഷറുമാണ് വടശ്ശേരിക്കര പഞ്ചായത്തിലെ കൊമ്പനോലിയിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി നാട്ടുകാർ ക്വാറിക്കെതിരെ സമരത്തിലാണ്. കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ പാറ പൊട്ടിക്കുന്നതെന്ന് പഞ്ചായത്തും പറയുന്നു.

പാറ പൊട്ടിക്കുന്നതും ക്രഷർ പ്രവർത്തിക്കുന്നത് നാട്ടുകാർക്ക് ആരോഗ്യ പ്രശ്നങ്ങൾ വരെയുണ്ടാക്കുന്നു എന്ന പരാതിയുയര്‍ന്നിട്ട് നാളേറെയി. കഴിഞ്ഞ ദിവസം ക്രഷറിനോട് ചേർന്ന് റോഡരികിലുള്ള പാറ വൻ തോതിൽ പൊട്ടിച്ചതാണ് വീണ്ടും പ്രതിഷേധത്തിനിടയാക്കിയത്. ഇലക്ട്രോണിക് ബ്ലാസ്റ്റിങ്ങ് രീതിയിൽ പാറ പൊട്ടിച്ചതോടെ സമീപത്തുള്ള വീടുകളുടെ ഭിത്തികൾ വിണ്ടു കീറിയെന്ന് വീട്ടുടമസ്ഥര്‍ പറയുന്നു. എന്നാല്‍, നിലവിൽ പാറ പൊട്ടിച്ച സ്ഥലത്ത് കെട്ടിട നിർമാണത്തിന് മാത്രമാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് പഞ്ചായത്ത് പറയുന്നത്. കെട്ടിട നിർമ്മാണത്തിനായി പാറ നീക്കം ചെയ്യണമെങ്കിൽ കെമിക്കലുകൾ മാത്രമെ ഉപയോഗിക്കാവു എന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടവും കാറ്റില്‍ പറത്തി ഇലക്ട്രോണിക് ബ്ലാസ്റ്റിങ്ങ് ഉപയോഗിച്ചാണ് ഇവിടെ ക്വാറി ഖനനം നടക്കുന്നത്.

Signature-ad

ക്വാറിയില്‍ നിന്നും അഞ്ചൂറ് മീറ്റര്‍ ദൂരെവരെയുള്ള വീടുകള്‍ക്ക് അടക്കം വിള്ളലുകള്‍ വീണു. വര്‍ഷങ്ങളായുള്ള ക്വാറി പ്രവര്‍ത്തനം മൂലം പ്രദേശത്ത് ആസ്മ, ഹൃദയ, ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ജിയോളജി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും അനുമതിയില്ലാതെ നടക്കുന്ന പാറ ഖനനം ഇനിയും നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Back to top button
error: