NEWSWorld

സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിൽ അമേരിക്കയും കാനഡയും; അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി

ന്യൂയോ‍ർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. റെയിൽ, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറിൽ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്.

സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് അമേരിക്കയും കാനഡയും കടന്നു പോകുന്നത്. ഇരുപതു കോടി ജനങ്ങൾ ഒരാഴ്ചയിലേറെയായി കൊടും ദുരിതത്തിലാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫലോയിൽ മാത്രം ഏഴു മരണം അതിശൈത്യത്തിലുണ്ടായത്. വൈദ്യുതി വിതരണം താറുമാറായതോടെ രാജ്യത്തെ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലാണ്. ദിവസവും രണ്ടായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കുന്നു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു.

Signature-ad

പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകൾ പലയിടത്തും അടച്ചിട്ടിരിക്കുന്നു. റെയിൽ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. ഈ മഞ്ഞുവീഴ്ചയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന തന്റെ അപേക്ഷ പ്രസിഡന്റ് ബൈഡൻ അംഗീകരിച്ചതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു. പടിഞ്ഞാറൻ സംസ്ഥാനമായ മോന്റിയാനയിൽ താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിലാണ്.

ആയിരക്കണക്കിന് വാഹനങ്ങൾ റോഡിൽ മഞ്ഞിൽ കുടുങ്ങി കിടക്കുന്നു. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് അല്പം കുറവുണ്ടാകും എന്നാണു കാലാവസ്ഥ അറിയിപ്പ്. അതിശൈത്യം അമേരിക്കയ്ക്ക്പുതുമ അല്ലെങ്കിലും രാജ്യമാകെ മരവിച്ചുപോകുന്ന ഇത്ര കടുത്ത അവസ്ഥ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കാനഡയിലും അതിശൈത്യം കാരണം ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.

Back to top button
error: