കാളിദാസമഹാകാവ്യത്തെ അവലംബിച്ച് അണിയിച്ചൊരുക്കിയ ‘കുമാരസംഭവം’ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷം
സിനിമ ഓർമ്മ
പ്രഥമ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ (1969) മികച്ച ചിത്രം, സംഗീതം (ദേവരാജൻ) എന്നീ പുരസ്കാരങ്ങൾ കൈവരിച്ച ‘കുമാരസംഭവം’ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷമായി. നാഗർകോവിലിൽ ജനിച്ച് പിന്നീട് തിരുവനന്തപുരം മേയറായിരുന്ന പി. സുബ്രമഹ്ണ്യം ആണ് ഈ പുരാണ ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തത്. താരരാഞ്ജി ശ്രീദേവിയുടെ പ്രഥമ മലയാള ചിത്രവുമാണിത്. പരമശിവന്റെ മകൻ സുബ്രമഹ്ണ്യൻ ആയാണ് ശ്രീദേവി 9 വയസ്സുള്ളപ്പോൾ ഈ ചിത്രത്തിൽ അഭിനയിച്ചത്.
കാളിദാസമഹാകാവ്യം കുമാരസംഭവമാണ് ചിത്രത്തിനാധാരമെങ്കിലും സിനിമയ്ക്കാവശ്യമായ ചേരുവകൾ സംവിധായകൻ ചേർത്തിരുന്നു. താരകാസുര നിഗ്രഹം വരെയുള്ള സുബ്രമഹ്ണ്യ ഭഗവാന്റെ അവതാരോദ്ദേശ്യമാണ് ചിത്രത്തിന്റെ കാതൽ. നാഗവള്ളി ആർ എസ് കുറുപ്പായിരുന്നു തിരക്കഥയും സംഭാഷണവും രചിച്ചത്.
പരമശിവനായി ജെമിനി ഗണേശൻ, പാർവതിയും സതിയുമായി പത്മിനി ഇരട്ട റോളിൽ, ഹിമവാനായി തിക്കുറിശ്ശി, ദേവേന്ദ്രനായി ജോസ്പ്രകാശ് എന്നിങ്ങനെ താരനിബിഡമായിരുന്നു മെരിലാൻഡിൻ്റെ ബാനറിൽ നിർമ്മിച്ച കുമാരസംഭവം. സൂപ്പർഹിറ്റായിരുന്നു ഈ ചിത്രം.
15 ഗാനങ്ങളുണ്ടായിരുന്നു. വയലാർ, ഒഎൻവി എന്നിവർ വരികൾ എഴുതി. യേശുദാസിന്റെ ‘പൊൽത്തിങ്കൾക്കല പൊട്ടു തൊട്ട’, മാധുരിയുടെ ‘പ്രിയസഖി ഗംഗേ പറയൂ’ ഇന്നും ആസ്വാദക മനസുകളിലുണ്ട്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ