മുംബൈ: ഇരുപതുകാരിയായ സീരിയല്‍ താരം തുനിഷ ശര്‍മ ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരേ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
‘അലിബാബ: ദസ്താന്‍ ഇ-കാബുള്‍’ എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആശുപത്രിയില്‍ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തിയത്. ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ പഞ്ചാബ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. അലി ബാബായില്‍ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു. ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂര്‍, ദബാങ്-3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.