KeralaNEWS

യെമനില്‍ എത്തിയത് സൂഫിസവും അറബിയും പഠിക്കാന്‍; തൃക്കരിപ്പൂര്‍ സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്

കാസര്‍ഗോഡ്: യെമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നു. നാല് മാസമായി ഷെബീറിനേയും കുടുംബത്തേയും കുറിച്ച് വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ചില ബന്ധുക്കള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഷെബീറിന്റെ വീഡിയോ പുറത്തുവന്നത്. യെമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാംപസിലാണ് ഷബീറും കുടുംബവും ഉള്ളത്. പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിയും പഠിക്കാന്‍ വന്നതാണെന്ന് സന്ദേശത്തില്‍ വ്യക്തമാക്കി. മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലാതെ എല്ലാ വിസ നടപടികളും പൂര്‍ത്തിയാക്കിയാണ് യെമനിലേക്ക് പോയത്. കുടുംബാംഗങ്ങളുമായി സ്ഥിരം സംസാരിക്കാറുണ്ടെന്ന് ഷബീര്‍ വീഡിയോ സന്ദേശത്തിലുടെ പറഞ്ഞു.

മുഹമ്മദ് ഷബീറിനെയും കുടുംബത്തെയും കാണാനില്ലെന്ന വാര്‍ത്ത കുടുംബവും നിഷേധിച്ചു. ഷബീര്‍ കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഷബീറിന്റെ കുടുംബം പ്രതികരിച്ചു. ഷബീറും ഭാര്യ റിസ്വാനയും ഇവരുടെ നാല് മക്കളും 12 വര്‍ഷമായി യു.എ.ഇയിലാണ് താമസം. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഷെബീറും കുടുംബവും യെമനിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Signature-ad

ഇന്ത്യക്കാര്‍ക്ക് യെമനിലേക്ക് പോകാന്‍ നിലവില്‍ നിരോധനമുണ്ട്. കാസര്‍ഗോഡ് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനിലെക്ക് കടന്നെന്നാണ് വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാല്‍, ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണത്തിനായി കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയേക്കും.

 

Back to top button
error: