- തട്ടിപ്പ് യു.എസിൽ ഡെൽറ്റാ എയർലൈൻസിൽ പൈലറ്റ് ആണെന്ന് വിശ്വസിപ്പിച്ച്
- ബലാത്സംഗക്കേസിലും വിചാരണ നേരിട്ടു
- കേരളത്തിനു പുറമേ ഡൽഹിയിലും തട്ടിപ്പ് നടത്തി
കൊല്ലം: വൈവാഹിക വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് സാമ്പത്തികത്തട്ടിപ്പു നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മലപ്പുറം മൊറയൂർ മോങ്ങം ഒഴുവൂർ താഴത്തിൽ അമൽ എന്ന മുഹമ്മദ് ഫസലാ(35)ണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ വലയിലായത്.
വൈവാഹിക വെബ്സൈറ്റുകളിൽ അമൽ എന്ന വ്യാജ പേരിലും മുഹമ്മദ് ഫസൽ എന്ന പേരിലും പ്രൊെഫെൽ രജിസ്റ്റർ ചെയ്ത് പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്നുവരുന്ന പ്രൊപ്പോസൽ സ്വീകരിക്കും. തുടർന്നു പെൺകുട്ടികളുമായി ഫോണിൽ സംസാരിക്കുകയും വിവാഹത്തിന് താൽപര്യമാണെന്നും അമേരിക്കയിൽ ഡെൽറ്റാ എയർലൈൻസിൽ പൈലറ്റ് ആണെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിവന്നത്.
പല സ്ഥലങ്ങളിലും പെൺകുട്ടികളുമായി കണ്ടുമുട്ടിയ ശേഷം വിസയുടെ ആവശ്യത്തിനെന്നുപറഞ്ഞ് അവരുടെ ആധാർ, പാൻ കാർഡ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ തന്ത്രപൂർവം കൈക്കലാക്കി. പിന്നീട് ഇവ ഉപയോഗിച്ച് പെൺകുട്ടികളുടെ പേരിൽ വ്യാജ സിം എടുക്കുകയും ബാങ്ക് അക്കൗണ്ടിന്റെയും മറ്റും വിവരങ്ങൾ മനസിലാക്കി ഇവ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിംഗ്, യു.പി.ഐ. ഐ.ഡി എന്നിവ കരസ്ഥമാക്കി സാമ്പത്തികതട്ടിപ്പും മറ്റു ചൂഷണങ്ങളും നടത്തി വരികയായിരുന്നു. കൊല്ലം സിറ്റി സൈബർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പരാതിക്കാരി അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ടിന്റെ ലോഗിൻ ഐ.പി. വിലാസങ്ങളും പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി. വിവിധ മൊെബെൽ നമ്പരുകളും ഇ മെയിൽ വിലാസങ്ങളും പിന്തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാനായത്.
പരാതിക്കാരിയുടെ മൊഴിയിൽ പ്രതിയുടെ പേര് കൃഷ്ണൻ മകൻ അമൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോലീസ് അന്വേഷണത്തിൽ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയും വിശദമായ അന്വേഷണത്തിൽ ഇയാൾ മുഹമ്മദ് ഫസൽ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഡൽഹിയിലും കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരം വിവാഹ തട്ടിപ്പിനും സാമ്പത്തിക തട്ടിപ്പിനും നിരവധി കേസുകളിൽ പ്രതിയാണെന്നും 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ഡൽഹി ഹോസ്ഖാസ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിൽ തിഹാർ ജയിലിൽ വിചാരണ തടവിലായിരുന്നുവെന്നും കേരളത്തിൽ നിരവധി കേസുകളിൽ റിമാൻഡിലായിട്ടുണ്ടെന്നും കണ്ടെത്തി.
നിലവിൽ പല കേസുകളിലും ഇയാൾ പിടികിട്ടാപ്പുളളിയുമാണ്. തന്റെ പേരിലുളള കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഇയാൾ ആധാർ കാർഡിൽ വ്യാജമായി തിരുത്തൽ വരുത്തി. പേരും പിതാവിന്റെ പേരും വിലാസവും മാറ്റുകയും അത് ഉപയോഗിച്ച് ഇലക്ഷൻ ഐ.ഡി., പാൻ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് െലെസൻസ്, ബാങ്ക് അക്കൗണ്ട് എന്നിവ വ്യാജമായി നേടുകയും ചെയ്തിരുന്നു. പാലാരിവട്ടത്ത് ഫ്‌ളാറ്റിൽ താമസിച്ച് വന്ന ഇയാൾ മറ്റുളളവരുടെ പേരിലെടുത്ത ഫോൺ നമ്പരുകൾ ഉപയോഗിച്ച് പുതിയ ഇരകളെ കെണിയിൽ വീഴ്ത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരം കൊല്ലം സിറ്റി ഡിസ്ട്രിക് ക്രൈംബ്രാഞ്ച് എ.സി.പി. സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ കൊല്ലം സിറ്റി െസെബർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എ. ജയകുമാർ, എസ്.ഐ. അബ്ദുൽ മനാഫ്, എ.എസ്.ഐമാരായ എ. നിയാസ്, നന്ദകുമാർ, ജോസഫ് റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.