KeralaNEWS

മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ മൂന്നര മണിക്കൂർ കൊണ്ട് ചുരം കടന്നു ട്രെയ്‌ലറുകൾ, ഗതാഗത നിയന്ത്രണം നീക്കി

കോഴിക്കോട്: മൂന്നുമാസത്തെ കാത്തിരിപ്പ്‌, ഒടുവിൽ മൂന്നര മണിക്കൂർ കൊണ്ട് താമരശേരി ചുരം കടന്നു കൂറ്റൻ ട്രെയിലറുകൾ. ഇത്ര വേഗം ചുരം കയറാൻ കഴിയുമായിരുന്നെങ്കിൽ മൂന്നു മാസം വാഹനങ്ങൾ എന്തിനു തടഞ്ഞിട്ടെന്ന ചോദ്യം ബാക്കി! ദൗത്യം പൂർത്തിയായതോടെ ചുരത്തിലെ ഗതാഗത നിയന്ത്രണവും നീക്കി.

രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ച രണ്ടോടെയാണ് 9 കൊടും വളവുകൾ താണ്ടിയത്. ഇടയ്ക്ക് ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു വന്ന ആംബുലൻസിനു കടന്നുപോകാൻ കുറച്ചുനേരം യാത്ര നിർത്തിവച്ചു. യാത്രയ്ക്കായി യുദ്ധസമാനമായ ഒരുക്കങ്ങളാണ് ചുരത്തിന്റെ രണ്ടു ഭാഗത്തും ഒരുക്കിയിരുന്നത്. ഡ്രൈവർമാർ അടക്കം 14 ജീവനക്കാർ ചേർന്നാണ് ട്രെയ്‌ലറുകൾ കൊണ്ടു പോയത്. ഏറ്റവും മുന്നിലായി വെളിച്ച സംവിധാനങ്ങൾ പിടിപ്പിച്ച വാഹനവും പൈലറ്റ് വാഹനവും അതിനു പിന്നിൽ ട്രെയ്‌ലറുകളും എന്ന രീതിയിലായിരുന്നു യാത്ര.

Signature-ad

ദേശീയപാത, പൊതുമരാമത്ത്, പൊലീസ്, വനം, അഗ്നിരക്ഷാസേന, കെഎസ്ഇബി, ആരോഗ്യം, മോട്ടോർവാഹനം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായമൊരുക്കിയിരുന്നു. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്‌ഷോപ് സംവിധാനവും ഒരുക്കിയിരുന്നു. ചുരംസംരക്ഷണ സമിതിയും സഹായവുമായി ഒപ്പമുണ്ടായിരുന്നു. നെസ്‌ലെയുടെ നഞ്ചൻകോട്ടെ ഫാക്ടറിയിലേക്ക് കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയ്‌ലറുകളിലുള്ളത്. ചുരത്തിൽ ഗതാഗതതടസ്സം ഉണ്ടാകുമെന്ന കാരണത്താലാണ് തടഞ്ഞിട്ടിരുന്നത്. നഷ്ടപരിഹാരമായി കമ്പനി 20 ലക്ഷം രൂപ കെട്ടി വച്ചതോടെയാണ് അനുമതി നൽകിയത്. ട്രെയ്‌ലറുകൾ കയറുന്നതിനു മുന്നോടിയായി ഇന്നലെ രാത്രി 11 മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.

Back to top button
error: