കൊച്ചി: ഗുരുതരാവസ്ഥയിലുള്ള അച്ഛന് കരൾ പകുത്ത് നൽകാൻ പ്രായപൂർത്തയാകാത്ത മകൾക്ക് ഹൈക്കോടതിയുടെ അനുമതി. പ്രായപൂർത്തിയാകാത്തവർക്ക് അവയവദാനത്തിനുള്ള നിയമക്കുരുക്കുകൾ അഴിച്ചാണ് കോടതിയുടെ ഇടപെടൽ. അച്ഛന് പുതുജീവൻ നൽകാനുള്ള തൃശ്ശൂർ കോലഴിയിലെ ദേവനന്ദയുടെ പോരാട്ടമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. ദേവനന്ദക്ക് പ്രായപൂർത്തിയാകാത്തതിനാൽ കരൾദാനത്തിനുള്ള അനുമതി നേരത്തെ വിദഗ്ധസമിതി നിഷേധിച്ചിരുന്നു.
ദേവനന്ദയുടെ അച്ഛൻ പി.ജി. പ്രതീഷിന് ഗുരുതരമായ കരൾരോഗമായിരുന്നു. കരൾ മാറ്റിവെക്കലല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കരൾ ദാതാവിനായുള്ള അന്വേഷണം അവസാനമെത്തിയത് പ്രതിഷിന്‍റെ 17 വയസ്സുള്ള മകൾ ദേവനന്ദയിലാണ്. കരൾ പകുത്തുനൽകി അച്ഛനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ മകൾക്ക് സമ്മതമായിരുന്നു, പക്ഷെ വിദഗ്ധ സമിതി അതിനനുവദിച്ചില്ല, പ്രായപൂർത്തിയായില്ല എന്നതായിരുന്നു കാരണം. മറ്റു ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേവനന്ദ ഹൈക്കോടതിയെ സമീപച്ചത്. ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന്‍ അപകടത്തിലാകുമെന്നും ദേവനന്ദ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാണെന്നും വിധിന്യായത്തില്‍ ജസ്റ്റിസ് അരുണ്‍ പറഞ്ഞു. അതേസമയം ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം 48 മണിക്കൂറില്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവനന്ദയെ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.