കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല
മുംബൈ: നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം 10 വയസുകാരി നിദ ഫാത്തിമ മരിച്ചു. ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് അവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു ഫാത്തിമ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി ഫാത്തിമ ഛർദ്ദിച്ചിരുന്നു. മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫാത്തിമയുടെ പിതാവ് നാഗ്പൂരിലേക്ക് തിരിച്ചു.
സ്പോർട്സ് കൗൺസിലിൽ റജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്തിമ ഉൾപ്പെട്ട ടീം മത്സരത്തിനെത്തിയത്. എന്നാൽ, ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നാണ് വിവരം. നാഗ്പൂരിൽ താൽകാലിക സൗകര്യങ്ങളിലാണ് ടീം കഴിഞ്ഞിരുന്നത്. അതേസമയം, താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.