LIFEMovie

കണക്ക് ചോദിക്കാനും കണക്ക് പറയാനും കൊട്ടമധു ഇന്നെത്തും; വിജയപ്രതീക്ഷയില്‍ ‘കാപ്പ’

മികച്ച സ്ക്രീന്‍ കൗണ്ടുമായി ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കാപ്പ ഇന്ന് തിയറ്ററുകളിലേക്ക്. ചിത്രത്തിന് കേരളത്തില്‍ 233 സ്ക്രീനുകളും ജിസിസിയില്‍ 117 സ്ക്രീനുകളുമാണ്. 57 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ യുഎഇ റിലീസ്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നത് തിയറ്റര്‍ ഉടമകള്‍ക്ക് പ്രതീക്ഷ പകരുന്ന കാര്യമാണ്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക.

ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, പി ആർ ഒ ശബരി.

Back to top button
error: