ചെന്നൈ: ഉഗാണ്ടയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് അഞ്ചരക്കോടിയോളം വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ബാഗേജിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തിൽ സ്നിഫർ ഡോഗിൻറെ സഹായത്തോടെയാണ് പിടികൂടിയത്. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയിൽ നിന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്.
#WATCH | Sniffer dog Orio detected drugs in the checked-in baggage of a Ugandan passenger which resulted in the recovery of 1,542gm Methaqualone & 644 gm Heroin valued at Rs 5.35 crores at Chennai airport on 18th Dec
(Video source: Customs Dept) pic.twitter.com/NK95hTi49g
— ANI (@ANI) December 20, 2022
ചെന്നൈ വിമാനത്താവളത്തിൽ എത്തുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുന്നത് അടുത്തയിടെ പതിവാണ്. ടൂറിസ്റ്റ് വിസയിലെത്തിയ 32കാരിയുടെ ബാഗേജ് കസ്റ്റംസ് പരിശോധിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇവർ അസ്വാഭാവികമായി പെരുമാറുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സ്നിഫർ ഡോഗിനെ വരുത്തി പരിശോധിച്ചത്. ബാഗേജിനുള്ളിൽ കാർഡ് ബോർഡ് പെട്ടിയിൽ പാക്ക് ചെയ്ത നിലയിൽ ഒരു കിലോഗ്രാം 542 ഗ്രാം മെത് ക്വിലോൺ എന്ന രാസ മയക്കുമരുന്നും 644 കിലോഗ്രാം ഹെറോയ്നും കണ്ടെത്തി.
അന്താരാഷ്ട്ര വിപണിയിൽ ഇതിന് 5.35 കോടി വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നൈയിലേക്ക് പതിവായി മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലകളിലൊന്നിലെ കണ്ണിയാണ് പിടിയിലായ യുവതിയെന്നാണ് സൂചന. ആർക്കുവേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നത് അടക്കമുള്ള വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉഗാണ്ടൻ സ്വദേശിയുടെ പേരുവിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.