തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പരിസ്ഥിതിലോല പ്രദേശത്തിന്റെ ഭൂപടത്തില്‍ ആവശ്യമായ വിവരങ്ങള്‍ കൂട്ടിചേര്‍ത്തായിരിക്കും സുപ്രീംകോടതിക്കും കേന്ദ്ര ഉത്തതാധികാര സമിതിക്കും നല്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2020-21ല്‍ കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതുവരെ എത്തിയ ഭൂപടമാണ് പരിഷ്ക്കരിക്കുക. എല്ലാ തരം നിര്‍മ്മിതികളും അതിൽ ഉള്‍പ്പെടുത്തും. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിര്‍മിതികളും ഉള്‍ക്കൊള്ളിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറിയത്. ബഫര്‍ സോണിന്റെ കാര്യത്തില്‍ ഈ മാപ്പ് മാത്രമായിരിക്കും അടിസ്ഥാന രേഖ. ഈ മാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനം വന്യജീവി വകുപ്പ് തയാറാക്കിയിട്ടുള്ള ഈ മാപ്പ് പൊതുജനങ്ങള്‍ക്ക് കാണാനായി എല്ലാ വാര്‍ഡിലും വായനശാല, അങ്കണവാടി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഈ കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ നമ്പരുകള്‍ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളില്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനുള്ള സമയം നല്‍കും. അത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിക്കുന്ന ഹെല്‍പ്പ് ഡസ്ക്കില്‍ അധിക വിവരങ്ങള്‍ നല്‍കാം. നിശ്ചിതപെര്ഫോമയില് ഇത് വിദഗ്ധസമിതിക്കും നല്‍കാം. ഇങ്ങനെ നല്കുന്ന അധിക വിവരങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കും.
ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പറും ഫോറസ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചയ്യാന് പരിശീലനം കിട്ടിയ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍/ കുടുംബശ്രീ ഓക്സിലറി അംഗങ്ങള്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സമിതികള്‍ ഇതിന്റെ ഭാഗമായി രൂപീകരിക്കും. ഈ സമിതിയാണ് ഹെല്‍പ്പ് ഡസ്കുകളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഇവര്‍ക്ക് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് കെ.എസ്.ആര്.ഇ .സി പരിശീലനം നല്‍കും.
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഒരോ നിര്‍മ്മിതിയുടെയും ജനവാസകേന്ദ്രത്തിന്റെയും കൃഷിയിടത്തിന്റെയും ജിയോ ടാഗിങ്ങ് നടത്തണം. വിവര വിനിമയത്തിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബ്, വായനശാലകള്‍, ഒഴിഞ്ഞ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകള്‍ ആയി ഹെല്‍പ്പ് ഡസ്കുകള്‍ ക്രമീകരിക്കാം.
വാഹനം ഉപയോഗിച്ച് മൊബൈല്‍ ഹെല്പ് ഡസ്ക് സജ്ജമാക്കാമോ എന്നും പരിശോധിക്കാം. ഇതേ സമിതി തന്നെ ഫീല്‍ഡ് വെരിഫികേഷനും നടത്തും. സംഘടനകളും മറ്റു കൂട്ടായ്മകളും നല്കുന്ന വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാര്‍ഡ്തല ഹെല്‍പ്പ് ഡസ്കിന് കൈമാറുകയും ചെയ്യും. ലഭ്യമായ അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പ് വീണ്ടും മാപ്പ് പുതുക്കും. പുതുക്കിയ മാപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രൂപീകരിക്കുന്ന സര്‍വകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വനം വകുപ്പ് അന്തിമ കരട് റിപ്പോര്‍ട്ട് തയാറാക്കും. ജില്ലാ തലത്തില്‍ ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി ഒരു മേല്‍നോട്ട സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.