മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. മിര്‍പുരില്‍ ഇന്നു രാവിലെ ഒന്‍പതുമുതല്‍ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് തുടക്കമാകും. ആദ്യകളി 188 റണ്ണിനു ജയിച്ച ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റും അക്കൗണ്ടിലാക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള രണ്ടു ടീമുകളിലൊന്നാകാനുള്ള തയാറെടുപ്പിലാണ്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്‌സിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട രാഹുലും പ്രതീക്ഷയോടെയാണ് ഇന്നത്തെ മത്സരത്തെ വീക്ഷിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കു മുമ്പ് ഫോമിലാണെന്നു തെളിയിക്കേണ്ട ബാധ്യതയാണ് താല്‍ക്കാലിക ക്യാപ്റ്റനു മുന്നിലുള്ള വലിയ വെല്ലുവിളി. മൂന്നാം നമ്പര്‍ വീണ്ടും കുത്തയാക്കുന്ന പ്രകടനമാണ് ആദ്യ കളിയില്‍ ചേതേശ്വര്‍ പുജാര കാഴ്ചവച്ചത്. 90, 120 എന്നിങ്ങനെയായിരുന്നു ആദ്യടെസ്റ്റില്‍ പൂജാരയുടെ സ്‌കോര്‍.
2019-നുശേഷം ടെസ്റ്റില്‍ സെഞ്ചുറിക്കായുള്ള വിരാട് കോഹ്‌ലിയുടെ കാത്തിരിപ്പ് മിര്‍പൂരില്‍ അവസാനിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിക്കുശേഷം ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയ കുല്‍ദീപ് യാദവ് തിരിച്ചുവരവ് ആഘോഷമാക്കി. യാദവിനൊപ്പം അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും ഫോമിലേക്കുയര്‍ന്നാല്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ വിയര്‍ക്കുമെന്നുറപ്പ്. രണ്ടാം ഇന്നിങ്‌സിലെ പ്രകടനത്തിലൂടെ ബാറ്റിങ്ങില്‍ വെല്ലുവിളി ഉയര്‍ത്താമെന്നു ബംഗ്ലാദേശ് തെളിയിച്ചുകഴിഞ്ഞു. പരമ്പര കൈവിടാതിരിക്കണമെങ്കില്‍ സാക്കിര്‍ ഹസനും ലിട്ടന്‍ ദാസും മുഷ്ഫിക്കര്‍ റഹിമും ഷാക്കിബ് അല്‍ ഹസനും ഉള്‍പ്പെടുന്ന നിര ഫോമിലേക്കുയരേണ്ടതുണ്ട്. പരുക്കു വലയ്ക്കുന്ന ഷാക്കിബ് അല്‍ ഹസന്‍ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ബൗള്‍ ചെയ്തിരുന്നില്ല. ഇതുമുന്നില്‍ക്കണ്ട് യുവതാരം നാസും അഹമ്മദ് ഇന്ന് ബംഗ്ലാനിരയില്‍ അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്നു.