തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ലീഗൽ ഡിജിഎം ശശി കുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ജോലി തട്ടിപ്പിന്‍റെ വിവരങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസ് ഉച്ചതിരിഞ്ഞ് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. ശശികുമാരൻ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു.
ഇന്നലെ നടന്ന പരിശോധനയിൽ ബയോഡാറ്റകളും ഉദ്യോഗാർത്ഥികളുടെ പട്ടികയും ഉൾപ്പടെ കണ്ടെത്തിയിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ടൈറ്റാനിയം ചെയർമാനുമായ മുഹമ്മദ് ഹനീഷ് നാളെ (ബുധൻ) ടൈറ്റാനിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത 9 എഫ്ഐആറുകളിലായി 70 ലക്ഷത്തിന്റെ കേസുകളാണ് ഉള്ളത്. പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രധാന ഇടനിലക്കാരി ദിവ്യ നായരെയും കൊണ്ട് വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പ് നടത്തും.
കേസിലെ പ്രധാന പ്രതിയായ ദിവ്യ നായരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മൊബൈൽ അടക്കം പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദിവ്യയുടെ വാട്സ്ആപ്പ് ചാറ്റുകളും ഫേസ്ബുക്ക് ചാറ്റുകളുമാണ് പൊലീസ് പരിശോധിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പൊലീസ് നിഗമനം. ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍ നിയമനത്തിനായി പണം തട്ടിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ശശികുമാരന്‍ തമ്പിയടക്കം കേസിലെ നാല് പ്രതികളും ഒളിവിലാണ്.
പൂജപ്പുര പൊലീസ് ദിവ്യാനായരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കിട്ടിയ ഡയറിയിലെ വിവരം വെച്ചാണ് 29 പേരില്‍ നിന്ന് ഒരു കോടി 85 രൂപ തട്ടിയെടുത്തു എന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍ മറ്റുളളവര്‍ കൂടി ഇടനില നിന്ന് പണം തെട്ടി എന്ന വിവരം വരുന്നതോടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കുടുങ്ങാനാണ് സാധ്യത. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുക്കാന്‍ പൊലീസ് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേസിലെ പങ്ക് പുറത്ത് വന്നതോടെ ടൈറ്റാനിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. വാര്‍ത്ത വന്നതിന് പിന്നാലെ ശശി കുമാരൻ തമ്പി, ദിവ്യാനായരുടെ ഭര്‍ത്താവ് രാജേഷ്, രാജേഷിന്‍റെ സഹോദരന്‍ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസുമാണ് നിലവില്‍ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.