NEWSWorld

ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു, ജനങ്ങളില്‍ പകുതിയിലേറെ രോഗബാധിതരാകും, മരണം ദശലക്ഷം കടക്കും; കോവിഡ് ഭീതിയില്‍ ചൈന: ലോകത്തിനും ഭീഷണി

ന്യൂയോര്‍ക്ക്: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെ ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. ചൈനയില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തു. ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളില്‍ രോഗബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ചൈനയിലെ തെരുവുകള്‍ വിജനമാണ്. ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്നതാണു കാരണം. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം നഗരങ്ങളില്‍ പിടിമുറുക്കുകയാണെന്നാണു റിപ്പോര്‍ട്ട്. വരാനിരിക്കുന്ന 3 കോവിഡ് തരംഗങ്ങളില്‍ ആദ്യത്തേതാണ് ഇതെന്നാണു വിദഗ്ധരുടെ അനുമാനം. കേറ്ററിങ് സര്‍വീസ് മുതല്‍ പാഴ്‌സല്‍ സര്‍വീസ് വരെ വൈറസ് ഭീതി ബാധിച്ചിട്ടുണ്ട്.

Signature-ad

”കോവിഡ് രോഗികളെ സംസ്‌കരിക്കുന്ന ബെയ്ജിങ്ങിലെ ശമ്ശാനം മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്ത് വൈറസ് പടര്‍ന്നുപിടിക്കുന്നു. ഇതു രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ പെട്ടെന്ന് അഴിച്ചുവിട്ടതിനു കൊടുക്കേണ്ടിവരുന്ന വിലയുടെ സൂചനയാണ്.” വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.

എറിക് ഫീഗല്‍ ഡിങ് പറയുന്നതനുസരിച്ച്, ”രോഗബാധിതരാകുന്നവര്‍ ആകട്ടെ, മരിക്കേണ്ടവര്‍ മരിക്കട്ടെ. അണുബാധ, മരണം, തരംഗം എന്നിവയെല്ലാം പെട്ടെന്നു തന്നെ നടക്കട്ടെ. അങ്ങനെ ഉല്‍പാദനം പരമാവധി നേരത്തെ പുനരാരംഭിക്കുക” എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം.

നവംബര്‍ 19 നും 23 നും ഇടയില്‍ നാല് മരണങ്ങള്‍ ഉണ്ടായെന്ന് അറിയിച്ച് ശേഷം ബെയ്ജിങ്ങില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണ്. ”കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതു മുതല്‍ ഞങ്ങള്‍ക്ക് ജോലിഭാരം കൂടുതലാണ്. 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ്.” ശമ്ശാനത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞു.

കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ആരോഗ്യ കമ്മിഷന്‍ നിയോഗിച്ച ബെയ്ജിങ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഡോങ്ജിയാവോ ശ്മശാനത്തിലേക്ക് നിരവധി മൃതദേഹങ്ങളാണ് എത്തുന്നത്. പുലര്‍ച്ചെയും അര്‍ധരാത്രിയിലും എല്ലാം ഇവിടെ സംസ്‌കാരങ്ങള്‍ നടത്തുന്നുണ്ട്. സാധാരണ 30 മുതല്‍ 40 വരെ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് 200 മൃതദേഹങ്ങള്‍ വരെയാണ് ഇപ്പോള്‍ എത്തുന്നതെന്നാണ് വിവരം. ശമ്ശാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലും വൈറസ് അതിവേഗം പടരുകയാണ്.

വൈറസ് പടരുന്നതിന്റെ വ്യാപ്തി വിചാരിക്കുന്നതിലും വളരെ കൂടുതലാണെന്ന് എറിക് ഫീഗല്‍ ഡിങ് പറയുന്നു. കേസുകള്‍ ഇരട്ടിയാകാന്‍ ദിവസങ്ങള്‍ക്കു പകരം മണിക്കൂറുകള്‍ മാത്രമാണ് എടുക്കുന്നത്. അതിനാല്‍ തന്നെ വൈറസ് വ്യാപനത്തിന്റെ വേഗം സൂചിപ്പിക്കുന്ന ആര്‍ വാല്യു (റീപ്രൊഡക്ഷന്‍ നമ്പര്‍) കണക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

വൈറസ് പിടിപെട്ട 10 പേര്‍ സമ്പര്‍ക്കത്തിലൂടെ ശരാശരി എത്ര പേര്‍ക്ക് കോവിഡ് പകര്‍ന്നു നല്‍കാമെന്നതാണ് ആര്‍ വാല്യുവിലൂടെ കണക്കാക്കുന്നത്. ആര്‍ വാല്യു 1 ആണെങ്കില്‍ ഓരോ 10 പേരും ശരാശരി മറ്റ് 10 പേര്‍ക്കു കൂടി വൈറസിനെ നല്‍കുന്നു. പി.സി.ആര്‍ പരിശോധനയുടെ ഫലം ലഭിക്കുന്നതിന്റെ കാലതാമസവും ആര്‍ വാല്യു കണക്കാക്കുന്നതിന് തിരിച്ചടിയാകുന്നു.

അതേസമയം, ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

പുതുവര്‍ഷാദ്യം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക കരുതുന്നു. ‘ചൈനയുടെ ജി.ഡി.പി. കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് ചൈനയ്ക്ക് മാത്രമല്ല, ആഗോളതലത്തിലും നല്ലതായിരിക്കും’, പ്രൈസ് പറഞ്ഞു.

Back to top button
error: