Health

ഈ 5 ദുശ്ശീലങ്ങള്‍ കാഴ്ച കവർന്നെടുക്കും, കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

   കണ്ണ് ഇല്ലാതായാലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് പഴമക്കാര്‍ പറയുന്നത്. ഏറ്റവും ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കേണ്ട അവയവമാണ് കണ്ണുകള്‍. ജനിതകപരമായ കാരണങ്ങള്‍ക്കും പ്രായത്തിനുമൊപ്പം ചില മോശം ശീലങ്ങളും ജീവിതശൈലിയും കാഴ്ചനഷ്ടത്തിലേക്ക് നയിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തില്‍ 220 കോടി ജനങ്ങള്‍ ഹ്രസ്വദൃഷ്ടിക്കോ ദൂരക്കാഴ്ചയ്ക്കോ കുഴപ്പമുള്ളവരാണ്. ഇതില്‍ പകുതിയോളം പേരിലും കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് കാഴ്ച വൈകല്യം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് കരുതപ്പെടുന്നു.

കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന അഞ്ച് ദുശ്ശീലങ്ങള്‍ വിവരിക്കാം.

Signature-ad

സ്മാര്‍ട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അരങ്ങ് വാഴുന്ന ലോകത്തില്‍ ഇവ കണ്ണുകള്‍ക്കുണ്ടാക്കുന്ന നാശത്തെ പറ്റി പലരും ബോധവാന്മാരല്ല. ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും നോക്കി ഇരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. അവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണുകളെ വരണ്ടതാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. മങ്ങിയ കാഴ്ചയ്ക്കും ഈ ശീലം കാരണമാകും.

2. പുകവലി

തൊണ്ടയ്ക്കും ശ്വാസകോശത്തിനും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി വില്ലനാകും. പുകവലിയും പുകയില ഉപയോഗവും കണ്ണുകളിലെ പേശികള്‍ നശിക്കാനും തിമിരം പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും.

3. സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കല്‍

പുറത്തിറങ്ങുമ്പോൾ സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കുന്നത് കണ്ണുകളില്‍ അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നതിന് ഇടയാക്കും. ഈ അപകടകരമായ രശ്മികള്‍ കണ്ണുകളില്‍ അര്‍ബുദത്തിന് വരെ കാരണമാകാം. അപകടകരമായ മാലിന്യങ്ങള്‍ അടങ്ങിയ പുറത്തെ വായുവില്‍ നിന്നു കണ്ണുകളെ സംരക്ഷിച്ച് നിര്‍ത്താൻ സണ്‍ ഗ്ലാസ് സഹായിക്കും.

4. കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മുന്നത്

കണ്ണുകൾ നിരന്തരം തിരുമ്മുന്നത് ഇവയുടെ പുറം ഭാഗത്തിന് ക്ഷതമേല്‍പ്പിക്കും. പൊടിയും ബാക്ടീരിയകളും കണ്ണിലേക്ക് പടരുന്നതിനും കണ്ണുകളുടെ കോര്‍ണിയയെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമാകും. കണ്ണുകള്‍ തിരുമ്മാനുള്ള തോന്നല്‍ അനിയന്ത്രിതമായാല്‍ തിരുമ്മുന്നതിന് പകരം വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

5. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത ഐ ഡ്രോപ്സ് ഉപയോഗം

ഡോക്ടറുടെ നിര്‍ദ്ദേശമൊന്നും കൂടാതെ സ്വന്തം പ്രകാരം ഏതെങ്കിലും ഐ ഡ്രോപ്സുകള്‍ കണ്ണില്‍ ഒഴിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ഇത്തരത്തിലുള്ള ഐ ഡ്രോപ്സ് ഉപയോഗം ഗുണത്തിന് പകരം ദോഷം ചെയ്യും. ഇടയ്ക്ക് കണ്ണ് ഒന്ന് ചുവന്ന് കണ്ടാല്‍ ഉടനെ ഡ്രോപ്സ് ഒഴിക്കരുത്. ദീര്‍ഘനേരത്തെ ജോലിക്കോ രാത്രിയിലെ ഉറക്കമില്ലായ്മയ്ക്കോ ശേഷം കണ്ണ് ചുവക്കുന്നത് സാധാരണമാണ്.

കണ്ണുകള്‍ക്ക് ആവശ്യത്തിന് പോഷണം നല്‍കുന്ന കാരറ്റും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കുകയും ഉറങ്ങുകയും ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പഴയ കോണ്‍ടാക്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. കോണ്‍ടാക്ട് ഗ്ലാസുകള്‍ വച്ചു കൊണ്ട് ഉറങ്ങുന്നതും കണ്ണിന് ദോഷം ചെയ്യും.

കണ്ണുകളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

❖ കുറഞ്ഞ വെളിച്ചത്തില്‍ വായിക്കുന്നതുകൊണ്ട് കാഴ്ച്ച കുറയാന്‍ പോകുന്നില്ല. പക്ഷേ കണ്ണുകളില്‍ തളര്‍ച്ച വരാം. ഇത് പതിവാകുന്നത് കണ്ണിന് ബുദ്ധിമുട്ടുമുണ്ടാക്കാം. വായിക്കുന്നത് എന്താണോ അതിലേക്കാണ് വെളിച്ചം വയ്‌ക്കേണ്ടത്

❖ ഭക്ഷണം ഒരു വലിയ ഘടകമാണ്. പച്ചക്കറികളില്‍ ക്യാരറ്റ് വളരെ മികച്ചതാണ് കണ്ണിന്. പിന്നെ കണ്ണിന് നല്ലത് വൈറ്റമിന്‍-സി, ഇ എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ്. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ കാഴ്ചശക്തിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു

❖ കണ്ണടയോ ലെന്‍സോ ഉപയോഗിക്കേണ്ടതായ പ്രശ്‌നം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കണം

❖ സ്‌ക്രീന്‍ ടൈം വളരെ ശ്രദ്ധിക്കണം. മണിക്കൂറുകളോളം സ്‌ക്രീന്‍ നോക്കിയിരിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറച്ച് ഉപയോഗിക്കുക, ഇടയ്ക്ക് സ്‌ക്രീനില്‍ നിന്ന് 20 മിനിറ്റ് വിശ്രമം കണ്ണുകള്‍ക്ക് നല്‍കുക, കണ്ണ് ഇടയ്ക്കിടെ ചിമ്മുന്നുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുക. കണ്ണ് ചിമ്മാതിരിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ടുപോവുകയും തുടര്‍ന്നാണ് കണ്ണുകള്‍ പ്രശ്‌നത്തിലാവുകയും ചെയ്യുന്നത്

Back to top button
error: