കൊച്ചി: ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാന്‍’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്.
കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഷാരൂഖ് ഖാന്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ തന്നെ ‘പഠാന്‍’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ബെഷ്‌റം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയത്.
ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബയ് പോലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.