പട്‌ന: ബിഹാറില്‍ അഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ച പാലം തകര്‍ന്നു വീണു. പ്രവേശനപാത ഇതുവരെ നിര്‍മിക്കാത്തതിനാല്‍ പാലം ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നു നല്‍കിയിരുന്നില്ല. പാലത്തില്‍ വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നതിനാല്‍ ആളപായമില്ല.
ബെഗുസരായ് ജില്ലയിലെ ബുര്‍ഹി ഗന്ധക് നദിക്കു കുറുകെ 13 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പാലമാണ് തകര്‍ന്നു വീണത്. പാലത്തിന്റെ നടുവിലുള്ള ബീം തകര്‍ന്ന് നദിയിലേക്കു പതിക്കുകയായിരുന്നു. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ ഭാഗം തകര്‍ന്ന് നദിയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.
പാലം ഉടന്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും അതിനുമുമ്പുതന്നെ തകരുകയായിരുന്നെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പാലം പൂര്‍ണമായി അടച്ചു. പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് ലഭിച്ചാലേ കാരണം പറയാനാകൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രവേശപാതയില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് കയറാനായിരുന്നില്ലെന്നും പാലം ഇതുവരെ ഉപയോഗിക്കാനായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. 206 മീറ്റര്‍ നീളമുള്ള പാലത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി വിള്ളലുകള്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. അപകടസമയത്ത് പാലത്തില്‍ ആരും ഉണ്ടായിരുന്നില്ല. നബാര്‍ഡ് പദ്ധതി പ്രകാരമായിരുന്നു പാലം നിര്‍മിച്ചത്.