മാനന്തവാടി: കാട്ടാനയെ പേടിച്ച് എളുപ്പവഴി ഒഴിവാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍ക്ക് മാന്‍ കുറുകെച്ചാടി പരിക്കേറ്റു. പാല്‍വെളിച്ചത്തെ പാറയ്ക്കല്‍ പി.ടി. അനില്‍കുമാര്‍ (45), ഭാര്യ ഇ.എസ്. അനില (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്‌കൂട്ടറിനും കാര്യമായ നാശമുണ്ടായി. ശനിയാഴ്ച രാത്രി 9.30-ന് കുറുക്കന്‍മൂലയ്ക്ക് സമീപത്തെ കാടന്‍കൊല്ലിയിലായിരുന്നു അപകടം.
മാനന്തവാടിയില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ സ്വകാര്യതോട്ടത്തില്‍നിന്ന് മാന്‍ തങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് അനില്‍കുമാര്‍ പറഞ്ഞു. അനിലിന്റെ കൈയ്ക്കും കാലിനും പരിക്കുണ്ട്. ഇടതുകാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടതുകൈയ്ക്കും കാലിനും പരിക്കേറ്റ അനിലയുടെ ഇടതു തോളെല്ല് പൊട്ടിയിട്ടുമുണ്ട്. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന പയ്യമ്പള്ളി വില്ലേജ് അസിസ്റ്റന്റ് എന്‍.എസ്. പ്രദീഷ് ആണ് ഇരുവരെയും മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അസ്ഥിരോഗവിദഗ്ധന്റെ സേവനം ചൊവ്വാഴ്ചയേ ഉണ്ടാവൂ എന്നറിയിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെ ആശുപത്രി വിട്ട് ഇരുവരും വീട്ടിലെത്തി. ഞായറാഴ്ച രാവിലെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
മാനന്തവാടിയില്‍നിന്ന് രണ്ടാംഗേറ്റ് വഴിയാണ് ഇവര്‍ മിക്കപ്പോഴും വീട്ടിലേക്ക് പോകാറുള്ളത്. കഴിഞ്ഞദിവസം കുറുക്കന്‍മൂല, പാല്‍വെളിച്ചം, മുട്ടങ്കര ഭാഗങ്ങളില്‍ കാട്ടാനയിറങ്ങി നാശം വരുത്തിയിരുന്നു.
നേരം ഇരുട്ടിയതിനാല്‍ ആനയുണ്ടാകുമെന്ന് ഭയന്നാണ് രണ്ടാംഗേറ്റ് ഒഴിവാക്കി ചങ്ങലഗേറ്റ് വഴി വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചതെന്ന് അനില്‍കുമാര്‍ പറഞ്ഞു.
പയ്യമ്പള്ളി പാല്‍വെളിച്ചം, പടമല, ചാലിഗദ്ദ, കൂടല്‍ക്കടവ് കുറുക്കന്‍മൂല, പടമല ഭാഗങ്ങള്‍ ആന, കുരങ്ങ്, മാന്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണ്. പ്രദേശത്തെ വന്യമൃഗശല്യ പ്രതിരോധത്തിനുള്ള പാല്‍വെളിച്ചം-കൂടല്‍ക്കടവ് ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ്ങിന് 3.60 കോടിരൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതിക്ക് ഇപ്പോഴും ജീവന്‍വച്ചിട്ടില്ല.