കൊച്ചി: കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസിലാണ് തനിക്കെതിരെ സർക്കാർ നീക്കം നടത്തുന്നതെന്നു രഹന ഫാത്തിമ. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു രഹന ഫാത്തിമ. ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചുള്ള ഓർഡർ താൻ കോടതിയിൽ നിന്ന് വാങ്ങിയിരുന്നുവെന്നും അതിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചപ്പോഴാണ് ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയതെന്നും രഹ്ന ഫാത്തിമ പറഞ്ഞു.
കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസിലാണ് തനിക്കെതിരായ സർക്കാർ നടപടി. എന്തുകൊണ്ട് ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയതെന്ന് സംസ്ഥാന സർക്കാരാണ് പറയേണ്ടതെന്നും രഹന ഫാത്തിമ ചൂണ്ടിക്കാട്ടി. ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹനയ്ക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു.
2018ലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ചിത്രം തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ പത്തനംതിട്ട പോലീസിൽ പരാതി നൽകുകയായിരുന്നു.