CrimeNEWS

റഫീഖി​ന്റെ സന്തോഷം ‘മാരത്തൺ റിലേ’ മോഷണം, ഒരാഴ്ചക്കുള്ളിൽ ഇരുപത് കവർച്ച; ഒടുവിൽ പോലീസി​ന്റെ പിടിയിൽ

മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷണങ്ങൾ നടത്തി പൊലീസിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ് (41)നെയാണ് മാന്നാർപൊലീസ് പിടികൂടിയത്. മാന്നാർ, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഒരു വീടിനു നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തി. എല്ലായിടത്തും സമാനരീതിയിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളിലാണ് മോഷ്ടാവ് കുടുങ്ങിയത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയും, പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുമുള്ള പ്രതി ആഴ്ചകൾക്കു മുമ്പാണ് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. മാന്നാർ-തിരുവല്ല റോഡിന്റെ ഇരുവശങ്ങളിലുമുള്ള സിസി ടിവികൾ പരിശോധിച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അടൂർ ഏഴംകുളം ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയുമായി മോഷണം നടന്ന സ്ഥലങ്ങളിൽ പോലിസ് തെളിവെടുപ്പ് നടത്തി. പ്രതിയുമായി കാരാഴ്മയിൽ എത്തിയപ്പോൾ പൊലീസിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ജനങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ പ്രകാരം മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ശ്രീകുമാർ, എ എസ് ഐ മാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്, എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: