തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ വെഞ്ഞാറമൂട് പോലീസ് പിടിയില്‍. തിരുവനന്തപുരത്തെ പാളയം ജേക്കബ് ജംഗ്ഷന്‍ മുത്തുമാരിയമ്മന്‍ കോവിലിന് സമീപത്തെ വീട്ടില്‍ നിന്നാണ് കേസിലെ ഒന്നാം പ്രതിയായ ദിവ്യയെ കസ്റ്റഡിയിലെടുത്തത്. രണ്ടാം പ്രതിയായ ഭര്‍ത്താവ് രാജേഷ് ഒളിവിലാണ്.
ദിവ്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തിയൊന്‍പതുപേരുടെ പട്ടികയാണ് പോലീസിന് ലഭിച്ചത്. ഇവരില്‍ നിന്ന് ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
ജോലി വാഗ്ദാനം ചെയ്ത്, വ്യാജ ഇന്റര്‍വ്യൂ നടത്തി പണം തട്ടിയെടുത്തെന്ന പരാതിയില്‍ ടൈറ്റാനിയത്തിലെ ലീഗല്‍ മാനേജരും ഇന്റര്‍വ്യൂ നടക്കുമ്പോള്‍, അസി.ജനറല്‍ മാനേജരുമായിരുന്ന ശശികുമാരന്‍ തമ്പി ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിനെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ശശികുമാരന്‍ തമ്പിയുടെ വീട്ടില്‍ ഉടന്‍ പരിശോധന നടത്തുമെന്നും ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
തന്നില്‍നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ മാസം 75,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ട് ബുക്കില്‍ എഴുതിയ നിലയില്‍ ഇരുപത്തിയൊന്‍പതു പേരുടെ ലിസ്റ്റ് ലഭിച്ചത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രതികള്‍ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് പോസ്റ്റിടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ബോക്സിലൂടെ മറുപടി നല്‍കും. ഒപ്പം പണവും ആവശ്യപ്പെടും.
ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പി.എസ്.സിക്ക് വിടാത്തതാണ് തട്ടിപ്പിന് പിന്‍ബലമായത്. ദിവ്യയുടെ പാളയത്തെ വീട്ടിലെത്തി ഭര്‍ത്താവ് രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് പരാതിക്കാരി പണം നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റര്‍വ്യൂവിന് കൊണ്ടുപോയത്. അവിടെ വച്ച് ശശി കുമാരന്‍ തമ്പിയാണ് ഇന്റര്‍വ്യൂ നടത്തിയത്. 15 ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം.