KeralaNEWS

ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ…! കുതിരാൻ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതര്‍

തൃശ്ശൂർ: കുതിരാൻ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതർ. കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് എൻഎച്ച് പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയിൽ കണ്ടെത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം ഒഴിച്ചിട്ട സർവീസ് റോഡ് നികത്തി കൽക്കെട്ട് ബലപ്പെടുത്താനാണ് ഇപ്പോഴത്തെ ആലോചന. കൽക്കെട്ടിളകിയ വഴുക്കുംപാറ മേൽപ്പാലത്തിൽ പരിശോധനയ്ക്കെത്തിയ പ്രൊജക്ട് മാനെജരാണ് നിർമാണത്തിലെ വീഴ്ചകൾ സമ്മതിച്ചത്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുറത്തേക്ക് തള്ളിയ കൽക്കെട്ട് ഇളക്കി പരിശോധിക്കാൻ കരാർ കന്പനിയായ കെഎംസിക്ക് നിർദ്ദേശം നൽകി. കൽക്കെട്ട് മതിയായ ചരിവോടു കൂടിയല്ല നിർമ്മിച്ചതെന്നും കണ്ടെത്തി. കൽക്കെട്ടിനോട് ചേർന്ന സർവ്വീസ് റോഡ് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് നിലനിർത്തിയത്. സർവ്വീസ് റോഡ് മണ്ണിട്ട് നികത്തി ചരിവ് കൂട്ടേണ്ടി വരുമെന്നും പ്രൊജക്ട് മാനെജർ പറഞ്ഞു. സർവ്വീസ് റോഡ് അടയ്ക്കുന്നതിനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Signature-ad

പ്രൊജക്ട് മാനെജർ ജില്ലാ ഭരണകൂടത്തിന് പ്രാഥമിക റിപ്പോർട്ട് നൽകും. ജില്ലാ കളക്ടർ നിയോഗിച്ച സമിതിയും വഴുക്കുംപാറയിൽ പരിശോധന നടത്തും. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്നാണ് വഴുക്കുന്പാറ മേൽപ്പാലത്തിലെ കരിങ്കൽ കെട്ട് പുറത്തേക്ക് തള്ളിവന്നത്. ഇതോടെ ദേശീയ പാതയിലും വിള്ളലുണ്ടായി. തുടർന്നായിരുന്നു റവന്യൂ മന്ത്രിയും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി റിപ്പോർട്ട് തേടിയത്.

Back to top button
error: