ന്യൂഡല്‍ഹി: ചൈനയുടെ യുദ്ധ ഭീഷണി ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി ബി.ജെ.പി. രാഹുലിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബി.ജെ.പി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചൈന ഉയര്‍ത്തുന്ന യുദ്ധ ഭീഷണി രാഹുല്‍ എടുത്തു പറഞ്ഞത്. ചൈന ഇന്ത്യയുമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതു കാണാതെ ഉറങ്ങുകയാണെന്നുമാണ് രാഹുല്‍ പറഞ്ഞത്. ചൈന വെറും കടന്നുകയറ്റത്തിനുള്ള തയാറെടുപ്പല്ല, പൂര്‍ണമായ യുദ്ധത്തിനാണ് ഒരുങ്ങുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സൈനികരുടെ ആത്മവീര്യം കെടുത്താനും ഉദ്ദേശിച്ചാണ് രാഹുലിന്റെ പ്രസ്താവനയെന്ന് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് കുറ്റപ്പെടുത്തി. ”ചൈനയുമായി അടുപ്പമുണ്ടെന്നാണ് രാഹുല്‍ കരുതുന്നത്. ചൈന എന്തു ചെയ്യുമെന്ന് അറിയാവുന്ന തരത്തിലാണ് ആ അടുപ്പം. എന്നാല്‍, അദ്ദേഹത്തിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്റു ഉറക്കത്തിലായിരുന്നപ്പോള്‍ 37,242 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭാഗം ചൈന പിടിച്ചെടുത്ത കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളത്”- റാത്തോഡ് പറഞ്ഞു.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന പണം പറ്റിയിരുന്നുവെന്നും അവരുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നും റാത്തോഡ് പറഞ്ഞു.