കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തർക്ക് പ്രത്യേക നിര അനുവദിക്കരുതെന്നു ഹൈക്കോടതി. ഇതു ഒരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കു വിരുദ്ധമാണ്. അതിനാല്‍, എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കണമെന്നു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ക്ഷേത്രമല്ലാത്തതിനാല്‍, ബോര്‍ഡിന്റെ ചട്ടം പാലിയ്ക്കണെമെന്നും കോടതി നിർദേശിച്ചു.
നാലമ്പല ദര്‍ശനത്തിനായി നിരയില്‍നിന്ന തങ്ങളെ ഒഴിവാക്കി കെ.എസ്.ആര്‍.ടി. ബസില്‍ വന്ന തീര്‍ഥാടകര്‍ക്കു പ്രത്യേക നിര സൃഷ്ടിച്ചു വേഗം ദര്‍ശനം നടത്തി മടങ്ങാന്‍ അവസരമൊരുക്കിയതു വിവേചനമാമെന്നു ചൂണ്ടിക്കാട്ടി തലയാഴം സ്വദേശി ശ്രീരാജ് ജി. നായര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണു ഹൈക്കോടതി വിധി. തൃപ്രയാര്‍ ക്ഷേത്രത്തില്‍ വച്ചാണു തനിയ്ക്കു വിവചേനം നേരിട്ടതെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഏറ്റവും തിരക്കുള്ള ദിവസമാണു ഇതുണ്ടായത്. ആഹാരം കഴിയ്ക്കാന്‍ പോലും കെ.എസ്.ആര്‍.ടി.സിയില്‍ വന്നവര്‍ക്കു പ്രത്യേക ക്യൂ ഉണ്ടായിരുന്നു. തീര്‍ഥാടന ടൂറിസം, ബജറ്റ് ടൂറിസം എന്നിവയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ നാലമ്പല ദര്‍ശനത്തിനെത്തിയവര്‍ക്കാണു പ്രത്യേക നിര അനുവദിച്ചത്. തങ്ങള്‍ മണിക്കൂറുകളോളം നിരയില്‍ നിന്നപ്പോള്‍, ഇവര്‍ക്കു വേഗം തന്നെ മടങ്ങാനായി. ക്ഷേത്രകമ്മറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍, തങ്ങളല്ല, ബജറ്റ് ടൂറിസം സെല്ലാണു ഇത്തരത്തില്‍ ക്രമീകരണം ചെയ്തതെന്നാണു കെ.എസ്.ആര്‍.ടി.സി. കോടതിയില്‍ വാദിച്ചത്. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളെയും കൂടല്‍മാണിക്യം, തൃപ്രയാര്‍, തിരുമൂഴിക്കുളം, പായമ്മല്‍ ക്ഷേത്രങ്ങളുടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയും കെ.എസ്.ആര്‍.ടി.സിയേയും എതിര്‍കക്ഷികളാക്കിയിരുന്നു.