നെടുങ്കണ്ടം: സെബാസ്റ്റിയന്‍സ് പള്ളിയില്‍ മോഷണം നടത്തിയ കേസില്‍ പ്രതികളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടി പോലീസ്. ആറ് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.സി. ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍(19), കൃഷ്ണവിലാസം ദേവരാജ് (20), മാടത്താനിയില്‍ അഖില്‍ (18), മന്നിക്കല്‍ ജമിന് (20), ചിറക്കുന്നേല്‍ അന്‍സില്‍ (18), കുഴിപ്പില്‍ സുജിത്(19) എന്നിവരാണ് പിടിയിലായത്.
ദേവാലയ നിര്‍മാണം നടക്കുന്നതിനാല്‍ പാരിഷ് ഹാളിലാണ് കുര്‍ബാനയും പ്രാര്‍ഥനകളും നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പാരിഷ് ഹാളിന്റെ ജനലിലൂടെയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഇവിടെയുണ്ടായിരുന്ന ബാറ്ററികള്‍ മോഷ്ടിച്ച സംഘാംഗങ്ങള്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ കുര്‍ബാനയ്ക്കായി എത്തിയ വികാരി നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തതായി കാണുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു ബാറ്ററി ഇവര്‍ എടുത്തുകൊണ്ടു പോകുന്നതായി കണ്ടെത്തി. എന്നാല്‍ രണ്ട് ബാറ്ററികള്‍ കാണാതായതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പഴയ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ എട്ടിന് ഇതേ ആളുകള്‍ തന്നെ ഇവിടെ കയറി ഒരു ബാറ്ററി മോഷ്ടിച്ച് കടത്തിയതായും കണ്ടെത്തി. തുടര്‍ന്ന് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പോലീസ് പിടികൂടുമ്പോള്‍ പ്രതികളില്‍ നിന്നും കഞ്ചാവും കണ്ടെത്തി. പ്രദേശത്ത് അടുത്തിടെയായി നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഇതുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു. മോഷ്ടാക്കളെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ റസാഖ്, ചാക്കോ, സജീവ്, എ.എസ്.ഐ ജേക്കബ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ജയന്, അജോ, രഞ്ജിത്, അനീഷ്, ദീപു, സഞ്ചു, ജോസ് സെബാസ്റ്റിയന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.