BusinessTRENDING

രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന; വിസ്തൃതി 25 ശതമാനം ഉയർന്നു

ദില്ലി: രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനം ഉയർന്നു. മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശത്ത് വിളയിറക്കിയതാണ് കാരണം. രാജ്യത്ത് ഗോതമ്പിന് ഉയർന്ന വില രേഖപ്പെടുത്തിയതും സർക്കാരിന്റെ കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞതും കർഷകരെ കൃഷി വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചു. അടുത്ത കുറച്ച് മാസങ്ങളിൽ വിപണികൾ ഗോതമ്പിന് അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികളാണ് ഗോതമ്പ് കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.

കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ ഏകദേശം 25.57 ദശലക്ഷം ഹെക്ടറിൽ ഗോതമ്പ് വിതച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.39 ദശലക്ഷം ഹെക്ടറായിരുന്നു. മൊത്തത്തിൽ, സാധാരണയായി 30 മുതൽ31 ദശലക്ഷം ഹെക്ടർ ഭൂമിയിലാണ് ഗോതമ്പ് വിതയ്ക്കുന്നത്. അതേസമയം, ഉത്തരേന്ത്യയിൽ ഇതുവരെയുള്ള ശൈത്യകാലത്തേക്കാൾ പകൽ സമയത്തെ താപനില ഉയരുന്നതും ആശങ്കാജനകമാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഈ വർഷം വടക്കുഭാഗത്ത് സാധാരണയേക്കാൾ ചൂടേറിയ ശൈത്യകാലം പ്രവചിച്ചതോടെ കർഷകർ ആശങ്കയിലാണ്. ചില റിപ്പോർട്ടുകൾ അനുസരിച്ച്, ഗോതമ്പിന്റെ വളർച്ചയുടെ ഘട്ടത്തിൽ പകൽ സമയത്ത് ഏകദേശം 14-15 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്. ചൂട് കൂടുതലാണെങ്കിൽ വിളവ് കുറയാൻ സാധ്യതയുണ്ട്

Signature-ad

ഡിസംബർ മാസത്തിൽ ഗോതമ്പ് വിളയ്ക്ക് തണുത്ത കാലാവസ്ഥ, മൂടൽമഞ്ഞ് എന്നിവ ആവശ്യമാണ്. എന്നാൽ ഈ വർഷം ഡിസംബറിൽ പകൽ സമയത്ത് ചൂട് ആണ്. കഴിഞ്ഞ വർഷം, വിളവെടുപ്പിന് തൊട്ടുമുമ്പ് താപനിലയിലെ പെട്ടെന്നുള്ള വർദ്ധനവ് കാരണം ഇന്ത്യയുടെ വാർഷിക ഗോതമ്പ് ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. അതേസമയം, പയറോ കടുകോ ആകട്ടെ, മറ്റെല്ലാ വിളകളുടെയും വിസ്തൃതി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നു

Back to top button
error: