IndiaNEWS

ബിജെപി കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ എഎപി ശ്രമിക്കുന്നു; അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി ബിജെപി

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം ആംആദ്മി പാ‍ർട്ടി ഉറപ്പിച്ചിരിക്കെ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി ബിജെപി. ബിജെപി കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ എഎപി ശ്രമിക്കുന്നതായാണ് ആരോപണം. കെജരിവാളിൻ്റെ ഏജൻ്റ് സമീപിച്ചതായി ബിജെപി കൗൺസിലർ ആരോപിച്ചു. സംഭവത്തിൽ എസിബിക്ക് പരാതി നൽകിയെന്നും ബിജെപി ആരോപിച്ചു. ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടിയിരുന്നു. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കെ ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻറെ ഭാവി പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം നൽകും. കെജ്രിവാളിൻറെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്രസർക്കാരിനു കീഴിലാക്കിയത് അതിനാലാണ്.

Signature-ad

സത്യേന്ദർ ജയിനിൻ്റെ ജയിൽ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കി. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപിക്കായി. മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ഇതിനൊക്കെ ശേഷമുള്ള വിജയം ബിജെപിയെ നേരിടാനുള്ള കരുത്ത് എഎപിക്ക് ഉണ്ട് എന്ന സന്ദേശം നല്കുന്നു. ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ കൂടി കഴിഞ്ഞതോടെ കെജ്രിവാളിന് ഇനി 2024 ലക്ഷ്യമാക്കി നീങ്ങാം. കേന്ദ്രസർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്. തദ്ദേശഭരണ സ്ഥാപനത്തിലേക്കുള്ള മത്സരം എങ്കിലും ദേശീയ രാഷ്ട്രീയത്തിനു കൂടി ചില സൂചനകൾ നല്കുന്നതാണ് ദില്ലിയിലെ ഈ ഫലം.

Back to top button
error: