IndiaNEWS

തുറന്ന ജീപ്പില്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും രാജസ്ഥാനിലെ രണ്‍തംബോര്‍ ദേശീയോദ്യാനത്തിൽ, ചിത്രങ്ങൾ വൈറൽ

ജയ്പൂര്‍: രാജസ്ഥാനിലെ രണ്‍തംബോര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കാനെത്തി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും. ദേശീയോദ്യാനത്തിലൂടെ ഒരു തുറന്ന ജീപ്പില്‍ ഇവര്‍ സഞ്ചരിക്കുന്ന ചിത്രം ദേശീയോദ്യാനത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായിരുന്നു. എന്നാല്‍ സന്ദര്‍ശന മേഖലയെ കുറിച്ചോ സമയമോ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. രണ്‍തംബോര്‍ ദേശീയോദ്യാനം രാജസ്ഥാനിലെ സവായ് മധോപൂരിലാണ് സ്ഥിതിചെയ്യുന്നത്. ഏറ്റവും കൂടുതല്‍ കടുവകളുള്ള ദേശീയോദ്യാനം എന്ന നിലയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണിത്. നിമിഷ നേരം കൊണ്ട് ഒരുപാട് സ്വീകാര്യതയാണ് രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ചിത്രത്തിന് ലഭിച്ചത്. വരുന്ന വെള്ളിയാഴ്ച്ച 76-ാമത് ജന്മ ദിനം ആഘോഷിക്കാനായി പ്രിയങ്കാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും കൂടെ രാജസ്ഥാനില്‍ എത്തിയതായിരുന്നു സോണിയാ ഗാന്ധി.

 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ രാജസ്ഥാനിലെ കോട്ട ജില്ലയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി ബുന്ദിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രണ്‍തംബോറിലേക്ക് പോകുകയായിരുന്നു. അതേസമയം ഭാരത് ജോഡോ യാത്ര ഡിസംബര്‍ 21 ന് ഹരിയാനയില്‍ പ്രവേശിക്കുന്നതിന് മുമ്പ് രാജസ്ഥാനില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് പദ്ധതിയിടുന്നത്. 17 ദിവസങ്ങളിലായി രാജസ്ഥാനിലെ ജലവാര്‍, കോട്ട, ബുണ്ടി, സവായ് മധോപൂര്‍, ദൗസ, അല്‍വാര്‍ എന്നീ ജില്ലകളിലൂടെയാണ് സഞ്ചരിക്കുക.

 

 

Back to top button
error: