എല്ലാവരും സുന്ദരിമാരാണ്. അംഗലാവണ്യം തുളുമ്പുന്ന തരുണികൾ… പ്രണയം നടിച്ചോ കിടപ്പറ പങ്കിടാമെന്ന് പ്രലോഭിപ്പിച്ചോ അടുത്തുകൂടും. വാട്സാപ്പിലൂടെയും ബോട്ടിമിലൂടെയും വീഡിയോ കോൾ, തേനൂറുന്ന വാക്കുകൾ… ഇര കൊത്തും. പക്ഷേ കൈ നിറയെ പണം കിട്ടണമെന്നുമാത്രം…! പണമല്ല എന്തും വാരിക്കോരി കൊടുക്കാൻ ഭൈമീ കാമുകന്മാർ റെഡി.
ഇവിടെ വരെ ഓൺലൈൻ വഴിയാണ് കാര്യങ്ങൾ. ഇനി നേരിട്ടുള്ള സമാഗമം. പുരുഷനെ ഹോട്ടലിലേയ്ക്കോ സ്വന്തം താവളത്തിലേയ്ക്കോ ക്ഷണിക്കും. ഹരം പൂണ്ടുനിൽക്കുന്ന അയാൾ ആർത്തിയോടെ പാഞ്ഞു വരും. ഇര കെണിയിൽ വീഴുന്നതോടെ കഥ മാറും. യുവതിയുടെ ഭർത്താവോ കാമുകനോ പിന്നണിയിലുണ്ടാവും. രഹസ്യമായി ഇവരുടെ പ്രണയ ലീലകളും അശ്ലീല രംഗങ്ങളും അയാൾ ക്യാമറയിലാക്കും. പല വഴികളിലൂടെ കിട്ടാവുന്നത്ര പണം ചോർത്തിയെടുക്കും.
ഇനിയാണ് ക്ലൈമാക്സ്… ഈ കാമകേളികളുടെ വീഡിയോ ദൃശ്യങ്ങൾ വച്ച് പിന്നീട് ഭീക്ഷണിയിലേക്കു കടക്കും… മാനഭയത്താൽ ആവശ്യപ്പെടുന്നത്ര പണം നൽകും.
ഒടുവിൽ താങ്ങാവുന്നതിനും അപ്പുറമെത്തുമ്പോൾ പൊലീസായി പരാതിയായി.
കൊവിഡ് കാലത്ത് വിദ്യാഭ്യാസമടക്കം ഓൺലൈനിലേക്ക് ചേക്കേറിയതോടെ കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ഫോണിൽ തോണ്ടിക്കളിച്ച് സമയം കൊല്ലുകയാണ്. ഇതോടെ ഓൺലൈനിലൂടെ പല വേഷത്തിൽ വന്ന് തട്ടിപ്പുകാരും കബളിപ്പിക്കൽ ആരംഭിച്ചു. ഇന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകൾ ഒരു അന്തവുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ടെങ്കിലും ആളുകൾ തട്ടിപ്പിനിരയാകുന്നത് തുടർക്കഥയാണ്. ലൈംഗിക ചൂഷണവും, ലഹരിക്കച്ചവടവുമായി രംഗം കൊഴുപ്പിക്കുന്നത് പലപ്പോഴും മലയാളികൾ തന്നെയാണ്. ഇവരുടെ കെണിയിൽ പെടുന്നത് സ്‌കൂൾ കുട്ടികൾ മുതൽ പടുവൃദ്ധർവരെ.
ഒടുവിൽ കേട്ട കഥ ഡൽഹിയിൽ നിന്നാണ്. ഹണി ട്രാപ്പിൽ പെടുത്തി പരസ്യ കമ്പനി ഉടമയായ 21കാരനിൽ നിന്ന് നംറ ഖാദിർ എന്ന വ്ളോഗർ തട്ടി എടുത്തത് 80 ലക്ഷം…!
ഡല്‍ഹിയിലെ ഷാലിമാര്‍ബാഗ് നിവാസി നാംറ ഖാദിര്‍ എന്ന സ്ത്രീ ബാദ്ഷാപൂര്‍ സ്വദേശിയായ 21 കാരനെ പരിചയപ്പെട്ടത് യുട്യൂബ് വീഡിയോകളിലൂടെ ബിസിനസ് പ്രൊമോഷന്‍ ചെയ്യാം എന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ്. നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍വെച്ച് സംസാരിക്കാന്‍ ക്ഷണിച്ചു.
തുടര്‍ന്ന് നാംറ ഖാദിർ ആവശ്യപ്പെട്ടതു പ്രകാരം 2.50 ലക്ഷം രൂപ നല്‍കി. പക്ഷേ വാഗ്ദാനം പാലിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോള്‍ നാംറ യുവാവിനോടു വിവാഹാഭ്യര്‍ഥന നടത്തി. പിന്നാലെ ഇവര്‍ സുഹൃത്തുക്കളായി. നാംറ ഖാദിറിനും കൂടെ വന്ന മനീഷ് ബെനിവാളിനും ഒപ്പം നിരവധി രാത്രികള്‍ ചെലവഴിച്ചു. ഇതിനിടെ ദമ്പതികള്‍ തന്റെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് ബ്ലാക്മെയില്‍ ചെയ്യാന്‍ തുടങ്ങിയ നാംറ ഖാദിർ പലപ്പോഴായി 80 ലക്ഷത്തിലധികം തട്ടിയെടുത്തു പൊലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സംഗപരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
ഒടുവിൽ യുവാവ് പൊലീസിൽ പരാതി നല്‍കി. പക്ഷേ ഇടക്കാല ജാമ്യത്തിനായി ദമ്പതികള്‍ കോടതിയെ സമീപിച്ചു. ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന് നാംറ ഖാദിർ പൊലീസ് പിടിയിലായി.
കേസില്‍ പ്രതിയായ നംറയുടെ ഭര്‍ത്താവ് മനീഷ് ബെനിവാൾ ഒളിവിലാണ്.
മലപ്പുറം ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി 68കാരനായ മുൻ ജനപ്രതിനിധിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ പ്രമുഖ വ്‌ളോഗർ റാഷിദ, ഭർത്താവ് നിഷാദ് എന്നിവരെ കൽപ്പഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് അടുത്ത കാലത്താണ്. പല തവണകളായി യുവതിയും ഭർത്താവും ചേർന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. ‘മലായ് മല്ലു’ എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. തട്ടിയ പണമുപയോഗിച്ച് ഇവർ ആഢംബര ജീവിതം നയിച്ച് വരികയായിരുന്നു.
ഫെയ്സ്ബുക്കിലൂടെയാണ് റാഷിദ 68കാരനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി. ഇവർ താമസിക്കുന്ന ആലുവയിലേക്ക് ഇയാളെ ക്ഷണിച്ച് വരുത്തി ഫോട്ടോയും വീഡിയോയും കൈയിലുണ്ടെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടു. 68കാരനുമായുള്ള ഭാര്യയുടെ ബന്ധത്തിന് ഭർത്താവ് നിഷാദ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം വാങ്ങിത്തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
68കാരന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ കുടുംബം ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. അക്കൗണ്ട് വഴിയാണ് പണമിടപാട് നടന്നിരുന്നത്. തുടർന്ന് കൽപ്പഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാൻഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ജാമ്യം നൽകി.
സെക്സും ലഹരിയും അധോലോകവും ഇടകലർന്ന തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന തുടർക്കഥകൾ നാളെ