മലപ്പുറം: ഫിറ്റ്നസ്, ടാക്സ്, പെര്‍മിറ്റ് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുപോയ സ്കൂള്‍ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. പുത്തനത്താണിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്. കുറ്റിപ്പുറം പുന്നത്തല എ.എം.യു.പി. സ്കൂള്‍ ബസിനെതിരേയാണ് നടപടി.
അധ്യയനവര്‍ഷാരംഭത്തില്‍ എല്ലാ സ്കൂള്‍ വാഹനങ്ങളും സുരക്ഷാപരിശോധനയ്ക്ക് ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ബസ് പരിശോധന നടത്തിയിട്ടില്ല. കുട്ടികളെ മറ്റൊരു വാഹനത്തില്‍ വീടുകളിലെത്തിച്ചു.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളില്‍ സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുമതി കൊടുത്ത സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശിപാര്‍ശ നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.
അതിനിടെ, ടാക്സി കാറായി രജിസ്റ്റര്‍ ചെയ്യുകയും സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഓടുകയും ചെയ്ത ആഡംബര വാഹനം പിടികൂടി. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പുത്തനത്താണിയില്‍നിന്ന് വാഹനം പിടിച്ചത്.
സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 15 വര്‍ഷത്തേക്ക് നികുതി അടയ്ക്കണം. ഈ വലിയ തുക വെട്ടിക്കാനാണ് ആഡംബര വാഹനങ്ങള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ടാക്സിയുടെ മഞ്ഞ നമ്പര്‍ ബോര്‍ഡ് വെച്ച് ഓടാനുള്ള മടി കാരണം സ്വകാര്യ വാഹനത്തിന്റെ ബോര്‍ഡ് ഉപയോഗിക്കുകയാണ് ചെയ്യുക. വാഹനത്തിന് പിഴയീടാക്കി.