ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയാണ് (21) മരിച്ചത്. ചൊവാഴ്ച വൈകിട്ടായിരുന്നു കുഞ്ഞിന്റെ മരണം. ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അപര്‍ണയെ കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ അപര്‍ണയും മരിക്കുകയായിരുന്നു.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും മരിച്ചത് അറിയിച്ചത്. രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി.
അടിയന്തര ചികില്‍സ നല്കാന് സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്കി.