ന്യൂഡല്‍ഹി: ബിജെപിയും എഎപിയും കൊമ്പുകോര്‍ത്ത ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 250ല്‍ എഎപി 118 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 126 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
എഎപിക്ക് വന്‍ വിജയം എന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതില്‍ ആശങ്കയിലാണ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. 250 വാര്‍ഡുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 2017ല്‍ ബിജെപിക്ക് 181, എഎപി 48, കോണ്‍ഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ആകെ 250 വീതം സ്ഥാനാര്‍ഥികളെയാണ് ബിജെപിയും എഎപിയും മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് 247 മത്സരാര്‍ഥികളുണ്ട്. 382 സ്വതന്ത്രരും മത്സരിക്കുന്നു. മായാവതിയുടെ ബിഎസ്പി 132 വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ എന്‍സിപി 26 ലും ജെഡിയു 22 സീറ്റുകളിലും മത്സരിച്ചു.
കുറഞ്ഞത് 200 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയാണ് രണ്ടു വട്ടമായി ഡല്‍ഹി ഭരിക്കുന്ന എഎപി പുലര്‍ത്തുന്നത്. നാല് എക്‌സിറ്റ് പോളുകളും 155 സീറ്റുകള്‍ക്കു മുകളില്‍ എഎപിക്കു ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ബിജെപിക്ക് 84 സീറ്റുകളും കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് ഒതുക്കപ്പെടുമെന്നുമാണ് പ്രവചനം. 15 വര്‍ഷമായി എംസിഡി ഭരണം ബിജെപിയുടെ കൈവശമായിരുന്നു.