തലശ്ശേരി: 12 വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഉൾപ്പെടെയുള്ള ഒട്ടേറെപ്പേരെ കെണിയിൽ വീഴ്ത്തിക്കൊണ്ട് തലശ്ശേരി അഴിയൂർ മേഖലകളിൽ മയക്കുമരുന്ന് മാഫിയ വിളയാട്ടം തുടരുന്നു.
സ്കൂളിലെ കബഡി ടീം അംഗവും സ്റ്റുഡൻസ് പോലീസ് അംഗവുമായ പെൺകുട്ടിയെ വലയിലാക്കിയത് നിഗൂഡമായ ചില തന്ത്രങ്ങളിലൂടെയാണ്.
‘നിനക്ക് വേണ്ടത്ര ശാരീരിക ക്ഷമത ഇല്ല. നല്ല സ്റ്റാമിന കിട്ടാൻ ഈ ബിസ്ക്കറ്റ് കഴിച്ചാൽ മതി’ എന്ന് പ്രലോഭിപ്പിച്ച് ലഹരിബിസ്ക്കറ്റ് നൽകി. പിന്നീട് സിറിഞ്ച് വഴി കുത്തിവെപ്പുനടത്തിയതുൾപ്പെടെ മാരക മയക്കുമരുന്നിന് അടിമപ്പെടുത്തി, അതിനു ശേഷം ലഹരി ക്യാരിയർ ആയി ഉപയോഗിക്കുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
മാരക മയക്കു മരുന്നിൽ അടിമപ്പെട്ട കുട്ടിക്ക് സ്കൂളിൽ വച്ച് ശാരിരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. മാത്രമല്ല
ചില കുട്ടികളിൽ നിന്ന് മയക്കുമരുന്നുകൾ കണ്ടെടുക്കുകയും ചെയ്തു. പക്ഷേ സ്കൂൾ അധികൃതർ ഈ പ്രശ്നം വേണ്ടത്ര ഗൗരവത്തിൽ ഏറ്റെടുത്തില്ലെന്ന് വാർഡ് മെമ്പർ സാലിം പുനത്തിൽ ആരോപിക്കുന്നു. അഴിയൂരിൽ കോറോത്ത്റോഡ് നിവാസി അഥിനാൻ എന്ന യുവാവും നിരഞ്ജന എന്ന സ്ത്രീയും ഉൾപ്പെടെയുള്ള വൻ മാഫിയയാണ് കുട്ടികളെ ഈ ദൂഷിത വലയത്തിൽ പെടുത്തിയത്. തന്നെ മയക്കുമരുന്നിന് അടിമപ്പെടുത്തിയതും മയക്ക് മരുന്ന് വിതരണത്തിന് ഉപയോഗിച്ചതെന്നും ഇവരാണ് എന്ന് കട്ടിയുടെ മൊഴിയുണ്ട്.
തലശ്ശേരി നഗരത്തിൽ പല സ്ഥലത്തും ലഹരി മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.
കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി ഉണ്ടായിരിക്കെ പ്രതിയായ
അഥിനാനെ പോസ്കോ കേസ് മാത്രം എടുത്തു കൊണ്ട് ചോമ്പാല പോലീസ് സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടത്
ലഹരി മാഫിയയ്ക്ക് അഴിയൂരിൽ നിർബാധം വേരുറപ്പിക്കാൻ സഹായിക്കുന്ന നടപടിയാണെന്ന് സാലിം പുനത്തിൽ ആരോപിച്ചു.