കുമളി: തോട്ടഭൂമിയിൽ നിന്നും കുമളി ഗ്രാമ പഞ്ചായത്തംഗം എ കബീർ ഈട്ടി തടി വെട്ടിയ കേസിൽ തുടർ അന്വേഷണം വൈകുന്നു എന്ന് ആരോപിച്ച് ബി.ജെ.പി. കുമളി വനം വകുപ്പ് റേഞ്ച് ആഫീസിലേയ്ക്ക് മാർച്ച് നടത്തി. പഞ്ചായത്തംഗം കബീറിനെ അറസ്റ്റ് ചെയ്യുക, വനം വകുപ്പ് പിടിച്ചെടുത്തതിൻറെ ബാക്കി തടികൾ ഉടൻ കണ്ടെത്തുക, കേസ് വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മാർച്ച് ബി.ജെ.പി. ജില്ല വൈസ് പ്രസിഡൻ്റ് കെ. കുമാർ ഉദ്ഘാടനം ചെയ്തു.
തോട്ടഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട പഞ്ചായത്തംഗത്തിനെതിരെ വനംവകുപ്പ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. കുമളി പഞ്ചായത്ത് മെംബർ കബീറിൻറെ കൈവശമുള്ള കുമളി മുരിക്കടി റോഡിലുള്ള സ്ഥലത്ത് നിന്നാണ് ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയത്. ഇത് പതിമൂന്ന് കഷണങ്ങളാക്കിയാണ് മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്നത്.
പരാതി ലഭിച്ചതോടെ വനം വകുപ്പ് കുമളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി മണ്ണ് മാറ്റി തടി പുറത്തെടുത്തു. എംഎംജെ പ്ലാൻറേഷൻറെ കൈവശത്തിലിരുന്ന തോട്ടഭൂമിയാണിത്. തോട്ടം മുറിച്ചു വിൽക്കാൻ പാടില്ലെന്നും കെട്ടിട നിർമാണം പാടില്ലെന്നുമുള്ള നിയമം നിലനിൽക്കെയാണ് പഞ്ചായത്തംഗത്തിൻറെ തടിവെട്ട് പുറത്തായത്. ഈ ഭാഗത്തു നിന്നും വൻതോതിൽ മരം മുറിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്തിൻറെ നിജസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് രണ്ടു മാസം മുൻപ് റവന്യു വകുപ്പിന് കത്ത് നൽകിയിരുന്നു.
എന്നാൽ റവന്യൂ വകുപ്പ് ഇതുവരെ മറുപടി നൽകാൻ തയ്യാറായിട്ടില്ല. മരംമുറി സംബന്ധിച്ച് കേസെടുത്തതോടെ വനം വകുപ്പ് വീണ്ടും റവന്യു വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. തോട്ട ഭൂമിയിലുൾപ്പെട്ട ഇവിടെ സ്റ്റേഡിയം, ബഡ്സ് സ്കൂൾ തുടങ്ങി വിവിധ വികസന പദ്ധതികൾക്കായി കുമളി പഞ്ചായത്ത് സ്ഥലം വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. പഞ്ചായത്തംഗങ്ങൾ അടക്കമുള്ളവർ ഇടനിലക്കാരായി പലർക്കും ഭൂമി മുറിച്ച് വിൽപന നടത്തിയിട്ടുമുണ്ട്. പഞ്ചായത്ത് വികസന പദ്ധതിക്കെന്ന പേരിൽ തോട്ടഭൂമി മുറിച്ചു വിൽക്കാൻ അനുമതി ലഭ്യമാക്കാനുള്ള നടപടികളും അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.