KeralaNEWS

മാലിന്യപ്ലാന്റ് ആവശ്യമില്ലെന്ന് തീരുമാനിക്കേണ്ടത് പ്രദേശവാസികളല്ല; ആവിക്കല്‍ തോട് സമരത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട്ടെ കോതി, ആവിക്കല്‍ മാലിന്യ പ്ലാന്റുകള്‍ക്കെതിരായ സമരങ്ങളില്‍ നിയമസഭയില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പാണ്. പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നു. അത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

”നമ്മള്‍ കുടിക്കുന്ന വെള്ളം പരിശോധിച്ചാലാണ് ഏതു തരത്തിലുള്ള വെള്ളമാണെന്ന് മനസ്സിലാക്കാന്‍ കഴിയുക. പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്. അത്ര വലിയ കുഴപ്പം നമ്മുടെ നാടിന് വന്നു ഭവിക്കുന്നു എന്നത് കാണാതിരുന്നുകൂടാ. അതുണ്ടാക്കുന്ന രോഗങ്ങള്‍ എത്രയാണ്?

Signature-ad

ഒരു ഭാഗത്ത് ആരോഗ്യസമ്പുഷ്ടമായ കേരളത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അതേസമയം മാലിന്യം പലയിടത്തും നിറഞ്ഞുനില്‍ക്കുന്നു. ഇത് നാടിന് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല. പ്രശ്നം പരിഹരിക്കുന്നതിന് മാലിന്യമുക്ത കേരളം പദ്ധതിയാണ് പ്രധാനം. അതിനായി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ആവശ്യമാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എവിടെ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും, സ്വാഭാവികമായുള്ള എതിര്‍പ്പ് ആ പ്രദേശത്തു നിന്നും ഉയര്‍ന്നു വരും. മാലിന്യ സംസ്‌കരണ കേന്ദ്രം ആളുകളൊന്നുമില്ലാത്ത സ്ഥലത്തു വേണമെന്നു പറഞ്ഞാല്‍, അതിന് വന്നുചേരാനുള്ള പ്രയാസമുണ്ട്. ഇങ്ങനെ പോയാല്‍ എവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും.

പ്ലാന്റ് വേണ്ടെന്ന് അവിടത്തെ ജനങ്ങള്‍ കൂടിച്ചേര്‍ന്ന് തീരുമാനിക്കുന്ന അവസ്ഥയല്ല വേണ്ടത്. അവിടെ അത്തരമൊരു വികാരമുണ്ടായാല്‍ അത് ശമിപ്പിക്കുന്നതിന്, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും എല്ലാം ചേര്‍ന്ന് ശ്രമിക്കുകയാണ് വേണ്ടത്” – മുഖ്യമന്ത്രി പറഞ്ഞു.

 

Back to top button
error: