മലപ്പുറം: ലെഗ്ഗിന്‍സ് ധരിച്ചതിന് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപികവനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും പരാതി നല്‍കി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ്ആണ് പരാതിയുമായി മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സരിത ലെഗ്ഗിന്‍സ് ധരിച്ചത് പ്രധാന അധ്യാപികയായ കെ.കെ. റംലത്ത് ചോദ്യം ചെയ്തത്. കുട്ടികള്‍ യൂണിഫോം ധരിക്കാത്തത് സരിത ടീച്ചര്‍ ലെഗ്ഗിന്‍സ് ധരിച്ചു വരുന്നത് കൊണ്ടാണ് എന്നായിരുന്നു ആക്ഷേപം. സരിത ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ഡി.ഇക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സമൂഹിക മാധ്യമങ്ങളില്‍ സരിത രവീന്ദ്രനാഥിനെ പിന്തുണച്ച് പലരും രംഗത്ത് വന്നു എങ്കിലും സ്‌കൂള്‍ പി.ടി.എ. എക്‌സിക്യൂട്ടീവ് ചേര്‍ന്ന് നടന്ന കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചു. സരിത ടീച്ചറെ യോഗത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കാനും അപഹസിക്കാനും തുടങ്ങിയതോടെയാണ് സരിത രവീന്ദ്രനാഥ് പ്രശ്‌നത്തില്‍ തുടര്‍ പരാതികള്‍ അയച്ചത്.
ഡി.ഡി.ഇയുടെ ഭാഗത്ത് നിന്ന് പരാതിയില്‍ അന്വേഷണമോ ഉണ്ടാകാത്തത് കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ക്കും സരിത പരാതി അയച്ചു. ഇതിനൊപ്പം മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, യുവജന കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുകയായിരുന്നു.
നീതി ലഭിക്കും വരെ മുന്നോട്ട് പോകാനാണ് സരിത രവീന്ദ്രനാഥിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇനി പരസ്യ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നാണ് പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നിലപാട്. അധ്യാപക സംഘടനകളും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഇപ്പൊള്‍ ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു കെ.എസ്.ടി.എ. സംസ്ഥാന നേതാവിന്റെ പ്രതികരണം.