പാലക്കാട്: കാട്ടുപോത്തിന്‍െ്‌റ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്ക്. പറമ്പിക്കുളം ഒറവമ്പാടി കോളനിയിലെ പഴനിസ്വാമി (48)യെയാണു കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ പിന്നില്‍ എട്ട് സ്റ്റിച്ചുകളുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വാങ്ങിവച്ച റേഷനരി എടുക്കാന്‍ ഒറവമ്പാടി കോളനിയില്‍നിന്നു പെരിയചോലയിലേക്കു പോവുകയായിരുന്നു പഴനിസ്വാമിയും അളിയന്‍ ഈശ്വരനും. ഇതിനിടെയാണ് കാട്ടുപോത്തിന്‍െ്‌റ ആക്രമണമുണ്ടായത്.
മഴയും മഞ്ഞും ഉണ്ടായതിനാല്‍ കാട്ടുപോത്ത് നില്‍ക്കുന്നതു ഇരുവരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. മുന്നില്‍ പോകുകയായിരുന്ന പഴനി സ്വാമിയെ കാട്ടുപോത്ത് പെട്ടെന്ന് ഇടിച്ചു വീഴ്ത്തി. ഇതുകണ്ടു പിന്നില്‍ വന്ന ഈശ്വരന്‍ ബഹളം വച്ചതോടെ മൃഗം സ്ഥലംവിട്ടു.
തുടര്‍ന്ന് ഈശ്വരനും കോളനിയില്‍ നിന്നെത്തിയ മറ്റൊരാളും ചേര്‍ന്ന് പഴനിസ്വാമിയെ ഏഴ് കിലോമീറ്ററോളം ദൂരം എടുത്തും നടത്തിയും തേക്കടി കോളനിയിലെത്തിച്ചു. വാഹനം ഉള്ള സ്ഥലത്തേക്ക് എത്തിക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്തു. തേക്കടി മേഖലയില്‍ വീടുകള്‍ നിര്‍മിക്കുന്ന കരാറുകാരന്റെ വാഹനത്തില്‍ തമിഴ്‌നാട് സേത്തുമടയില്‍ എത്തിച്ച ശേഷം അവിടെ നിന്നാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.