KeralaNEWS

സ്പീക്കര്‍ പാനലില്‍ കെ.കെ. രമയടക്കം മുഴുവന്‍ വനിതകള്‍; കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തില്‍ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്മാരുടെ പാനല്‍ പ്രഖ്യാപിച്ചു. പാനലില്‍ മുഴുവന്‍ സ്ത്രീകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലിക സ്പീക്കര്‍മാരുടെ പാനലില്‍ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തുനിന്നും ആര്‍.എം.പിയുടെ വടകര എം.എല്‍.എ. കെ. കെ. രമയും ഉള്‍പ്പെടുന്നു.

ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ഒരാളും അടങ്ങിയതാണ് പാനല്‍. നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റെടുത്ത എ.എന്‍. ഷംസീറാണ് ചെയര്‍മാന്മാരുടെ പാനലില്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സി.കെ. ആശയേയും യു. പ്രതിഭയേയുമായിരുന്നു ഭരണപക്ഷം നിര്‍ദ്ദേശിച്ചത്.

പ്രതിപക്ഷത്തുനിന്ന് സഭയിലെ പുതുമുഖമായ തൃക്കാക്കര എം.എല്‍.എയായ ഉമാ തോമസ് എത്തുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍, വടകരയില്‍ നിന്ന് യു.ഡി.എഫ്. പിന്തുണയില്‍ ജയിച്ച കെ.കെ. രമയെ പ്രതിപക്ഷം നിര്‍ദ്ദേശിക്കുകയായിരുന്നു. സാധാരണഗതിയില്‍ മൂന്നു പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്.

ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്ന് നോമിനേറ്റ് ചെയ്തത് കേരള നിയമസഭയില്‍ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതല്‍ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ 32 വനിതകള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

 

 

Back to top button
error: