കോഴിക്കോട്: കുടുംബശ്രീ അംഗമല്ലാത്ത വീട്ടമ്മയെ വഞ്ചിച്ച് വ്യാജ ഒപ്പിട്ട് ലോണ്‍ വാങ്ങിയതായി പരാതി. പാറക്കടവ് കാനറാ ബാങ്ക് ശാഖയില്‍ നിന്ന് നാല് ലക്ഷം രൂപ ലോണ്‍ എടുത്തെന്നാണ് ആരോപണം. ഏഴ് ലക്ഷത്തോളം രൂപ അടക്കണമെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് നോട്ടീസ് നല്‍കിയെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത വളയം പോലീസ് ലോണ്‍ എടുത്ത ചെക്യാട് പഞ്ചായത്തിലെ പരസ്പരം കുടുംബശ്രീ ഗ്രൂപ്പിലെ 15 മെമ്പര്‍മാരില്‍ 10 പേരുടെ മൊഴി രേഖപ്പെടുത്തി.
ഗ്രൂപ്പിന്റെ സെക്രട്ടറി, പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ലോണിന് അപേക്ഷ നല്‍കിയവരുടെ കൂട്ടത്തിലുള്ള വീട്ടമ്മ തിരുവനന്തപുരത്തായതിനാല്‍ ഇവരുടെ മൊഴി രേഖപെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ലോണിനായി കുടുംബ ശ്രീ ഗ്രൂപ്പ് നല്‍കിയ അപേക്ഷയുടെ കോപ്പികള്‍ ഹാജരാക്കാന്‍ ബാങ്ക് മാനേജറോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയായ കൊല്ലറത്ത് റംലയുടെ അപേക്ഷയിലെ ഒപ്പ്, ഫോട്ടോയിലെ കൃത്രിമത്വം എന്നിവ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ ലോണ്‍ അനുവദിച്ച 2017 കാലഘട്ടത്തില്‍ ബാങ്ക് മാനേജറായിരുന്ന ആള്‍ മരിച്ചതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ പഞ്ചായത്തിലെ ജെ.എല്‍.ജി ലോണില്‍ ആള്‍ മാറാട്ടം നടത്തി പണം തട്ടിയ സംഭവത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിനെതിരേ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 8 ന് പഞ്ചായത്ത് ഓഫീസിലേക്ക് ചെക്യാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.